ADVERTISEMENT

മുളങ്കുന്നത്തുകാവ്  ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്നു ബാലിക മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനു പ്രിൻസിപ്പൽ ഡോ. ബി.ഷീല ഉത്തരവിട്ടു. 

  ആശുപത്രിയിൽ മതിയായ ചികിത്സ നൽകാത്തതിനെ തുടർന്ന് ചാലക്കുടി പുളിയാനിപ്പറമ്പ് തരകൻ രാജുവിന്റെയും അനുവിന്റെയും മകൾ അനറ്റാണ് (10) നവംബർ 26നു മരിച്ചത്. ഡോക്ടർമാരുടെ വീഴ്ച വാർത്തയായതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തിലെ കുട്ടികളുടെ ചികിത്സാ വിഭാഗത്തിലാണ് മതിയായ പരിചരണം നൽകുന്നതിൽ അനാസ്ഥ സംഭവിച്ചത്. ചാലക്കുടി ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കുട്ടിക്ക് അപ്പൻഡിസൈറ്റിസ് ആണെന്നും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും നിർദേശിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു സൗകര്യമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. റഫറൻസ് കത്തിൽ രോഗ വിവരങ്ങളെല്ലാം ഡോക്ടർ പ്രത്യേകമായി രേഖപ്പെടുത്തുകയും സർജറി കൺസൽട്ടേഷൻ എന്നെഴുതിയ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുക കൂടി ചെയ്തിരുന്നു.

എന്നാൽ ജൂനിയർ ഡോക്ടർമാർ കുട്ടിയെ അർഹിക്കുന്ന ഗൗരവത്തിൽ പരിചരിച്ചില്ലെന്നു മാത്രമല്ല, റഫറൻസ് കത്തിലെ വിവരങ്ങൾ പരിഗണിച്ചതുമില്ല. പീഡിയാട്രിക് സർജറി വിഭാഗത്തിലേക്കു വിടാതെ അന്നുതന്നെ വീട്ടിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തു.

 മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചയിലേക്കാണ് ഇൗ സംഭവം വിരൽ ചൂണ്ടുന്നത്. അതിഗുരുതരമായ നിലയിലെത്തുന്നവരെപ്പോലും നോക്കുന്നത് പലപ്പോഴും ഹൗസ് സർജന്മാരും പിജി ഡോക്ടർമാരുമായിരിക്കും. ഇവരുടെ പരിചയക്കുറവിൽ നിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ജീവനാണു പലപ്പോഴും വിലയായി നൽകേണ്ടി വരുന്നത്.

കുട്ടികളുടെ ചികിത്സാ വിഭാഗത്തിൽ നിന്നു പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സീനിയർ ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണസമിതിയെ നിയോഗിച്ചത്. സംഭവത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം പെട്ടെന്നു പൂർത്തിയാക്കി റിപ്പോർട്ട് ഡിഎംഇക്ക് അയയ്ക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

പീഡിയാട്രിക് സർജറി വിഭാഗം ഡോക്ടർമാരെ കാണിച്ചു ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ കുട്ടിക്ക് ഒന്നും സംഭവിക്കില്ലായിരുന്നെന്നു മാതാപിതാക്കൾ ഉറച്ചുവിശ്വസിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ട് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com