ഉപ്പുവെള്ള ഭീഷണി: ഏനാമാവിൽ വളയംബണ്ട് നിർമാണം തുടങ്ങി
Mail This Article
ഏനാമാവ്∙ റെഗുലേറ്ററിനു സമീപം ഉപ്പുവെള്ള ഭീഷണിക്കു തടയിടാൻ ഫെയ്സ് കനാലിൽ താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി. റെഗുലേറ്ററുകളുടെ ഷട്ടറുകൾ പൂർണമായി അടച്ചാണു നിർമാണം. ഇൗ മാസം പകുതിയോടെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. റെഗുലേറ്ററിന്റെ ചോർച്ച മൂലം ഷട്ടറിട്ടാലും വൻതോതിലാണ് ഉപ്പുവെള്ളം കോൾമേഖലയിലേക്കു കടക്കുന്നത്. കോൾപ്പാടങ്ങളിൽ നെൽക്കൃഷി കതിരിടുന്ന സമയമായിരിക്കെ ഉപ്പുവെള്ളം കടക്കുന്നത് വിളവിനെ ബാധിക്കും.
എല്ലാ വർഷവും ലക്ഷങ്ങൾ ചെലവിട്ടാണു വളയം ബണ്ട് നിർമിക്കുന്നത്. വൻതോതിൽ മണ്ണും വേണം. മഴക്കാലമായാൽ ഇതു പൊളിച്ചു കായലിലേക്ക് ഒഴുക്കുകയാണു ചെയ്യുന്നത്. വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടിട്ടും റെഗുലേറ്റർ നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. നവീകരണത്തിനു തുക അനുവദിക്കുന്നതായി പ്രഖ്യാപിക്കുന്നതല്ലാതെ നിർമാണം തുടങ്ങാൻ അധികൃതർക്കു കഴിയുന്നില്ല.