ADVERTISEMENT

ചാലക്കുടി ∙ ജില്ലയിലെ നവകേരള സദസ്സുകളിൽ അവസാനത്തേതു ചാലക്കുടി മണ്ഡലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, ആന്റണി രാജു എന്നിവർ പ്രസംഗിച്ചു.

ചാലക്കുടിയടക്കം 13 നിയോജക മണ്ഡലങ്ങളിലും സദസ്സു പൂർത്തിയായതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എറണാകുളം ജില്ലയിലെ പര്യടനത്തിനു തുടക്കമിട്ടു. 4 ദിവസങ്ങളിലായി ജില്ലയിലാകെ നവകേരള സദസ്സുകളിൽ ലഭിച്ചത് 54,260 പരാതികളാണ്. ചാലക്കുടിയിൽ മാത്രം 3943 പരാതികൾ ലഭിച്ചു. 25 കൗണ്ടറുകളിലൂടെ പരാതികൾ സ്വീകരിച്ചു. കാർമൽ സ്കൂൾ മൈതാനത്തൊരുക്കിയ വേദിയിൽ ആദിവാസി പാട്ടും നൃത്തവുമടക്കം കലാപരിപാടികൾ അരങ്ങേറി. ചിരട്ടയിൽ തീർത്ത മുഖ്യമന്ത്രിയുടെ ശിൽപവും ഛായാചിത്രവും വേദിയിൽ മുഖ്യമന്ത്രിക്കു സമ്മാനിച്ചു.

മുഖ്യമന്ത്രിക്കു നേരെ  ചാലക്കുടിയിലും യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശി
ചാലക്കുടി ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ ഭാഗമായി 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയെങ്കിലും 2 പ്രവർത്തകർ തന്ത്രപരമായി ദേശീയപാതയിലെത്തി മേൽപാലത്തിനു സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി വീശി.   ഇവരെയും അറസ്റ്റ് ചെയ്തു. നവകേരള സദസ്സ് സമാപിച്ച ശേഷം എല്ലാവർക്കും ജാമ്യം നൽകി വിട്ടു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോഫിൻ ഫ്രാൻസിസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ, വൈസ് പ്രസിഡന്റ് കെ.കെ.അനിൽലാൽ, എൻ.പി.പ്രവീൺ കാതിക്കുടം, മെജോ ജോസഫ്, സോനു ജോൺസൺ, അനന്തു രവി, സച്ചിൻ രാജ്, ക്രിസ്റ്റോ ഫ്രാൻസിസ്, ആൽബിൻ പൗലോസ്, ഷാരോൺ കൊടിയൻ, വിജിത് ഡേവിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സ്റ്റേഷനകത്തും മുദ്രാവാക്യം മുഴക്കി.

പറയൻതോട് സംരക്ഷിക്കാൻ നിവേദനം
ചാലക്കുടി∙ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പറയൻതോട് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ ട്രസ്റ്റ് നവകേരള സദസ്സിൽ നിവേദനം നൽകി. തോട് മണലും ചെളിയും നിറഞ്ഞ് വെള്ളം കരകവിഞ്ഞ് നെൽക്കൃഷി നശിക്കുന്ന അവസ്ഥയിലും നീരൊഴുക്കു നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. തോടുകയ്യേറ്റവും വ്യാപകമാണ്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുകരകളും കെട്ടി സംരക്ഷിച്ചു വെള്ളക്കെട്ടുപ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന് സെക്രട്ടറി പി.ഡി.ദിനേശ്, പ്രസിഡന്റ് പോൾ പാറയിൽ എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com