നിറച്ചാർത്ത് കലാ ക്യാംപിൽ സൃഷ്ടികളുടെ പിറവി

Mail This Article
വടക്കാഞ്ചേരി ∙ എങ്കക്കാട് കലാ ഗ്രാമത്തിൽ നടക്കുന്ന നിറച്ചാർത്ത് ദേശീയ കലാ ക്യാംപിന്റെ മൂന്നാം ദിനം ചിത്രകാരന്മാരുടെയും ശിൽപികളുടെയും കൈവിരൽ തുമ്പിൽ കലാസൃഷ്ടികൾക്കു രൂപവും നിറവും കൈവരുന്നതു കാണാൻ കുട്ടികളും യുവാക്കളും മുതിർന്നവരും എത്തി. കലയോട് അഭിരുചിയുള്ള കുട്ടികൾ വരയിലും ശിൽപനിർമാണത്തിലും ഏർപ്പെടുകയും ചെയ്തു.
കണ്ണൂരിൽ നിന്നുള്ള കലാകാരി യാമിനി മോഹന്റെ ചിത്രങ്ങളുടെ സ്ലൈഡ് ഷോ അവതരണവും നടന്നു. ഗ്രാമീണ കലോത്സവത്തിൽ കോഴിക്കോടു നിന്നുള്ള വിനോദ് ശങ്കറും സംഘവും സിത്താർ, തബല, ബാംസുരി, ദോതാര എന്നീ വാദ്യോപകരണങ്ങളുടെ ജുഗൽബന്ദി അവതരിപ്പിച്ചു.
വായനശാലയിൽ നടന്ന ചിത്രകാരൻ മിഥുൻ മോഹൻ അനുസ്മരണത്തിൽ കലാ നിരൂപകനും എഴുത്തുകാരനുമായ പ്രേംജിഷ് ആചാരി പ്രസംഗിച്ചു. മിഥുന്റെ മുപ്പതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇന്നു രാവിലെ സി.ഗോപാലകൃഷ്ണൻ, വി.എസ്.മെഹ്ജ എന്നീ ക്യാംപ് അംഗങ്ങളുടെ സ്ലൈഡ് ഷോ അവതരണം നടക്കും. 4.30ന് ‘ചിത്രകലയും സാംസ്കാരിക ചരിത്രവും’ എന്ന വിഷയത്തിൽ സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണം. ഷേണായി മിൽ അങ്കണത്തിൽ ഇന്ന് തദ്ദേശീയ കലാകാരന്മാരുടെ കലാ പ്രകടനങ്ങൾ അരങ്ങേറും.