ADVERTISEMENT

തിരുവില്വാമല ∙ നന്മയുള്ള നാട്ടുകാർക്ക് ഇന്നലെ അന്തരിച്ച അമ്മിണിയുടെ ഭ്രമക്കാഴ്ചകളുടെ ആഴമറിയുമായിരുന്നു. അതു കൊണ്ടാണല്ലോ നാട്ടിൽ അരങ്ങേറിയ ‘അമ്മ’ എന്ന നാടകത്തിൽ അമ്മിണിയും മകൻ അയ്യപ്പനും മുഖ്യ കഥാപാത്രങ്ങളായത്. തിരുവില്വാമലക്കാരനായ ചിത്രകാരൻ സജീവ് തോപ്പിൽ കാപ്പിപ്പൊടിയിൽ തന്റെ നാട്ടിൽ ജീവിച്ചിരിക്കുന്ന 25 പ്രമുഖരുടെ ചിത്രം വരച്ചതിൽ അമ്മിണിയും ഉൾപ്പെട്ടത്.   ആടിയും പാടിയും ന‍ൃത്തമാടിയും ചിലപ്പോഴൊക്കെ അസഭ്യം പറഞ്ഞും മുഷിഞ്ഞ ഭാണ്ഡക്കെട്ടുമായി ടൗണിലും പരിസരത്തും അലഞ്ഞു നടന്നിരുന്ന അമ്മിണിയെ വേദനയോടെ നാട്ടുകാർ സ്വന്തമെന്നു കരുതിയിരുന്നു. ഉന്മാദാവസ്ഥയിൽ ഊരുചുറ്റുന്ന അമ്മിണിക്കു ഭക്ഷണം നൽകാൻ നാട്ടുകാരിൽ പലരും തയാറായിരുന്നെന്നതും നാട്ടുനന്മയുടെ കാണാകാഴ്ചയായിരുന്നു.   നിളയ്ക്ക് അക്കരെ ലക്കിടി-പേരൂർ പഞ്ചായത്തിലെ മംഗലമാണ് ജന്മദേശമെന്നാണറിവ്. വീട്ടിലെ ദാരിദ്ര്യം കൊണ്ട് വലിയ വീട്ടിലെ അടുക്കളപ്പണിക്കു പോകേണ്ടി വന്ന കൗമാരക്കാരിക്കു പക്ഷേ ജീവിതം നൽകിയതു കയ്പു മാത്രമായിരുന്നു.

ഇരുളിന്റെ ഇരയായവൾ പിന്നീട് വീട്ടിലും നാട്ടിലും അനഭിമതയായി. അമ്മ തിരുവില്വാമലയിലെത്തിയപ്പോൾ അവളും ഇവിടത്തുകാരിയായി. മകൻ അയ്യപ്പനോടൊപ്പം തെരുവിലിറങ്ങേണ്ടി വന്നതോടെ തകർന്നു തുടങ്ങിയ മാനസികനില മകന്റെ മരണത്തോടെ പൂർണമായും തകർന്നു.  ചെമ്പക്കുളത്തിൽ 2 നേരവും മുങ്ങി കുളിക്കുമായിരുന്നു. ഇന്നലെ രാവിലെ ഇവിടെ തന്നെയായിരുന്നു ഒടുവിലത്തെ കുളിയും. നാട്ടിലെ പ്രാണികളും പ്രമാണികളും ചാരമായ ഐവർമഠം ശ്മശാനത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്മിണിയെയും സംസ്കരിച്ചു.    ഗ്രാമീണ വായനശാലയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നാട്ടകം കലാ സാംസ്കാരിക വേദി നടത്തിയ നാടകോത്സവത്തിൽ പ്രേക്ഷക പ്രശംസ നേടിയ നാടകങ്ങളിലൊന്നായ ‘അമ്മ’യിലെ പ്രധാന കഥാപാത്രങ്ങളായത് അമ്മിണിയും മകൻ അയ്യപ്പനുമായിരുന്നു. തിരുവില്വാമലക്കാരനായ ടി.കെ. സുരേഷ് ബാബുവാണു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com