പൂജകൾക്കോ ചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ തടസ്സം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി; തൃപ്രയാറും സന്ദർശിക്കും

Mail This Article
തൃപ്രയാർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 17 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ഗുരുവായൂരിലെ ചടങ്ങുകൾക്ക് ശേഷം വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെ വാഹനവ്യൂഹത്തോടൊപ്പമാണ് ക്ഷേത്രത്തിലെത്തുക. ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ ഇരുഭാഗങ്ങൾ, പടിഞ്ഞാറെനട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. 10.10 മുതൽ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിന്റെ മുന്നോടിയായി ഇന്നലെ വൈകിട്ട് കലക്ടർ പി.ആർ.കൃഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ.ശങ്കർ, വലപ്പാട് സിഐ കെ.എസ്.സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ സംഘം ക്ഷേത്രത്തിലെത്തി പ്രാഥമിക വിലയിരുത്തൽ നടത്തി. എസ്പിജിയുടെ കേരളത്തിന്റെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ നാദോപാസന സമിതിയുടെ നേതൃത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവയുണ്ടാകും. ചർച്ചയിൽ ദേവസ്വം മാനേജർ എ.പി.സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, ദേവസ്വം ബോർഡ് സ്പെഷൽ കമ്മിഷണർമാരായ കെ.മനോജ്കുമാർ, സി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ബുധനാഴ്ച മോദി ഗുരുവായൂർ സന്ദർശിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചു സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) എഡിജിപി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ക്ഷേത്രത്തിലെ പൂജകൾക്കോ ചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ തടസ്സം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് പുരോഹിത് യോഗത്തെ അറിയിച്ചു. കാലത്ത് 7.40ന് മോദി ക്ഷേത്രത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. തന്ത്രി, മേൽശാന്തി, ഉദയാസ്തമനപൂജ ചെയ്യുന്ന ഓതിക്കന്മാർ, കീഴ്ശാന്തി എന്നിവരും ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങി അവശ്യം വേണ്ടവർ മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. ക്ഷേത്ര ദർശനത്തിനു ശേഷം 8.45ന് ക്ഷേത്രത്തിൽസുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് 9ന് മടങ്ങും.