ചെടികൾ ഓർഡർ ചെയ്ത് ഗൂഗിൾ പേ വഴി പണം തട്ടാൻ ശ്രമം

Mail This Article
ഇരിങ്ങാലക്കുട∙ ഓൺലൈൻ വഴി ഓർക്കിഡ് ചെടികൾ ഓർഡർ ചെയ്ത് ഗൂഗിൾ പേ വഴി രണ്ടു തവണ പണം തട്ടാൻ ശ്രമം. പുല്ലൂർ ഊരിയ ചിറയ്ക്ക് സമീപം നഴ്സറി നടത്തുന്ന അവിട്ടത്തൂർ സ്വദേശി തൊണ്ടുങ്ങൽ ബാബുവിന്റെ പണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. മുംബൈയിൽ നിന്നാണെന്ന് പറഞ്ഞ് ബാബുവിനോട് 1500 രൂപയ്ക്ക് ചെടികൾ ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴി പണം അയയ്ക്കാം എന്നാണു പറഞ്ഞത്. പിന്നീട് ഗൂഗിൾ പേ ആപ്പിൽ ബാബുവിന് 1250 രൂപ വന്നതായി മെസേജ് വന്നു. ഇതു പരിശോധിക്കുന്നതിനിടയിൽ അധിക തുക അയച്ചതായി പറഞ്ഞ്, ഓർഡർ ചെയ്തയാളുടെ വാട്ട്സാപ് സന്ദേശമെത്തി. ഓർഡർ തുക കഴിച്ചുള്ള പണം തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദേശം. തുടർച്ചയായി മെസേജുകൾ വന്നതോടെ സംശയം തോന്നിയ ബാബു ബാങ്കിന്റെ മറ്റ് ആപ്പുകൾ വഴി തന്റെ അക്കൗണ്ട് പരിശോധിച്ചു. എന്നാൽ പണം വന്നതായി കണ്ടില്ല. ഉത്തർപ്രദേശിൽ നിന്നാണെന്നു പറഞ്ഞായിരുന്നു സമാനമായ രീതിയിൽ രണ്ടാം തവണയും തട്ടിപ്പിനു ശ്രമം. ഗൂഗിൾ പേ ആപ്പിൽ സാധാരണ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നിടത്ത് പണം അയച്ച രീതിയിൽ ടൈപ്പ് ചെയ്ത് അയച്ചാണ് കബളിപ്പിക്കാൻ ശ്രമിച്ചതെന്നു കണ്ടെത്തി.