ADVERTISEMENT

തൃശൂർ ∙ വിനായകിന്റെ ദുരൂഹമരണക്കേസിൽ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടതു പൊലീസിനു തിരിച്ചടി. സർക്കാരും പൊലീസും ചേർന്നു േകസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കേറ്റ പ്രഹരമാണു തുടരന്വേഷണ ഉത്തരവെന്നു കേസ് നടത്തുന്ന ദലിത് സമുദായ മുന്നണി ആരോപിച്ചു.

പ്രതികളായ പൊലീസുകാരെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം (വകുപ്പ് 306) കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു. ഏറ്റവും ദുർബലമായ വകുപ്പുകളാണു ചുമത്തിയതെന്നും ആക്ഷേപമുണ്ട്. കേസിൽ പ്രതികളായ സാജൻ, ശ്രീജിത് എന്നീ സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു 15–ാം ദിവസം സർവീസിൽ തിരിച്ചെടുത്തതു വലിയ വിവാദമായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു ശേഷവും ആരോപണങ്ങൾ ഉയർന്നു.

ദൃക്സാക്ഷിമൊഴികൾ അവഗണിച്ചതാണു പ്രധാനമായും ആക്ഷേപവിധേയമായത്. വിനായകിന്റെ നഖത്തിൽ ചവിട്ടാൻ ഉപയോഗിച്ച ഷൂസ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കിയില്ലെന്നും വിവരമുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുകാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വിനായകിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു നിവേദനം നൽകി. എന്നാൽ കേസ് നീതിപൂർവം അന്വേഷിച്ചെന്നു മറുപടി നൽകിയത്, അവിശ്വാസം ഉന്നയിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ. 

മകനു നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന അമ്മ ഓമന 5 വർഷം മുൻപു മരിച്ചതു മറ്റൊരു നൊമ്പരമായി. ആത്മഹത്യാ പ്രേരണാക്കുറ്റം, എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തി കേസ് തുടരന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചതാണു നിർണായകമായത്. കേസിലെ മുഴുവൻ നടപടികളും ഒരുമാസം നിർത്തിവയ്ക്കാനും എസ്‌സി/എസ്ടി അതിക്രമം തടയൽ പ്രത്യേക കോടതിയെ സമീപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വിനായകിന്റെ പിതാവിൽ നിന്നു വിശദമായി മൊഴി കേട്ടതിന്റെ അടിസ്ഥാനത്തിലാണു തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ ഒരു കൗൺസിൽ രൂപീകരിക്കാനും കേസിലുണ്ടായ അട്ടിമറി ജനങ്ങളെ ബോധ്യപ്പെടുത്താനും ഫെബ്രുവരി 11നു തൃശൂരിൽ ജനകീയ കൺവൻഷൻ സംഘടിപ്പിക്കുമെന്നു ദലിത് സമുദായ മുന്നണി വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിള്ളി, സംസ്ഥാന കമ്മിറ്റിയംഗം കെ.സന്തോഷ്കുമാർ, ജില്ലാ കമ്മിറ്റിയംഗം ഷൈജു വാടാനപ്പള്ളി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com