‘എഐ, ബസ് വരാറായോ’!; നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പൊതുഗതാഗത രംഗം ഡിജിറ്റലാകും
Mail This Article
തൃശൂർ ∙ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പൊതുഗതാഗത രംഗം ഡിജിറ്റലാക്കാൻ ബസ്പാരറ്റ് (Busparrot) സ്റ്റാർട്ടപ് കമ്പനി. ബസുകൾ, ട്രെയിനുകൾ, ടാക്സികൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ നെക്സ്റ്റ്ബസ് ഡിജിറ്റൽ ക്യുആർ കോഡ് സംവിധാനമാണു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ ബസ് സ്റ്റോപ്പുകളിലാണു നെക്സ്റ്റ് ബസ് ക്യുആർ കോഡ് സ്ഥാപിക്കുക. കോഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ചു സ്കാൻ ചെയ്താൽ സ്റ്റോപ്പിൽ വരുന്നതും പോകുന്നതുമായ ബസുകളുടെ വിവരങ്ങൾ (സമയം–റൂട്ട്), സമീപ റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ വിവരങ്ങൾ, ഓട്ടോ–ടാക്സി സ്റ്റാൻഡുകളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ, പ്രധാന സ്ഥലങ്ങൾ തുടങ്ങിയ ഒരു പ്രദേശത്തെ സമഗ്ര വിവരങ്ങൾ ലഭിക്കും.
ഇതോടൊപ്പം ഓരോ പ്രദേശത്തും ലഭ്യമായ ഇലക്ട്രിക്–പ്ലമിങ് തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, കർഷകർ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളും കിട്ടും. ആശുപത്രികൾ, അഗ്നിരക്ഷാ സേന, പൊലീസ് തുടങ്ങി അടിയന്തര സേവനങ്ങളെ നേരിട്ടു വിളിക്കാനുള്ള സൗകര്യവും ക്യുആർ കോഡിലുണ്ട്. ബസുകളുടെ സമയ വിവര പട്ടിക ഡിജിറ്റൽ രൂപത്തിൽ പ്രദർശിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ എന്നിവയില്ലാത്ത യാത്രക്കാർക്ക് ഇതു സൗകര്യപ്രദമാകും.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) ഇൻക്യുബേറ്റഡാണു ബസ്പാരറ്റ് സ്റ്റാർട്ടപ് കമ്പനി. ഇതിനകം പാലക്കാട് ജില്ലയിലെ വണ്ടാഴി, വടക്കഞ്ചേരി, കുഴൽമന്ദം എന്നീ പഞ്ചായത്തുകളിൽ ഡിജിറ്റൽവൽക്കരണം നടപ്പാക്കി കഴിഞ്ഞു. നഗരസഭകളുടെയും തൃശൂർ കോർപറേഷന്റെയും സഹകരണത്തോടെ ജില്ലയിലും ഉടൻ പദ്ധതി നടപ്പാക്കും. പൊതുഗതാഗത സംവിധാനങ്ങളിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ രാജ്യത്തെ എല്ലാ ബസ് സ്റ്റോപ്പുകളും സ്റ്റാൻഡുകളും ഡിജിറ്റലാക്കാൻ കേന്ദ്ര ഭവനകാര്യ മന്ത്രാലയവും സ്മാർട്ട് സിറ്റീസ് മിഷനും തീരുമാനിച്ചിരുന്നു. ഈ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കമ്പനികളിലൊന്നാണു ബസ്പാരറ്റ്.