ADVERTISEMENT

പുതുക്കാട് ∙ മാമ്പഴക്കാലത്തിനു നാടൻ മാമ്പഴങ്ങളുടെ സുഗന്ധമാണ്. നമ്മുടെ നാടിന്റെ സ്വന്തം മാമ്പഴമാണു ചന്ദ്രക്കാരൻ – അതിമധുരമുള്ള മുത്തിക്കുടിയൻ എന്നു വിളിക്കുന്ന കുഞ്ഞൻ മാമ്പഴം. ചില പഴയ ഓർമകൾക്കു ചന്ദ്രക്കാരന്റെ രുചിയും ഗന്ധവുമുണ്ട്. 1500 ചന്ദ്രക്കാരൻ തൈകൾ പ്രകൃതി കൃഷി രീതിയിൽ വളർത്തിയെടുക്കാൻ തുനിഞ്ഞപ്പോൾ പുതുക്കാട് സ്വദേശി അനിൽകുമാറിനെ എല്ലാവരും തടഞ്ഞു. ഇതു നടക്കാൻ പോകുന്നില്ല എന്നു പ്രവചിച്ചു. ഇന്ന് അനിൽകുമാറിന്റെ തോട്ടത്തിൽ എത്തിയാൽ ഉഷാറായി വളരുന്ന തൈകൾ കാണാം. 

ഈ ഇത്തിരിക്കുഞ്ഞൻ നിസ്സാരക്കാരനല്ല. ഏതു വിദേശയിനത്തെയും തോൽപിക്കുന്ന പ്രതിരോധ ശേഷിയാണു പ്രധാനം.   മഴ പെയ്താൽ മിക്ക ഇനങ്ങളിലും പുഴു കയറും. എന്നാൽ ചന്ദ്രക്കാരനു മുന്നിൽ മഴ സുല്ലിടും. മാമ്പഴക്കാലത്തോടൊപ്പം വരുന്ന മഴയാണു കേരളത്തിലെ മാമ്പഴക്കൃഷിയിലെ വില്ലൻ. നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതു ചന്ദ്രക്കാരനാണ്. കടുമാങ്ങ അച്ചാറിനായി കൂടുതൽ ഉപയോഗിക്കുന്നതും ഇതുതന്നെ.

മണ്ണറിഞ്ഞു കൃഷി ചെയ്താൽ കൃത്രിമമായതൊന്നും ചേർക്കാതെ തന്നെ 100 മേനി വിളവു തരുമെന്ന അനുഭവപാഠത്തിൽ നിന്നാണു പ്രകൃതി കൃഷിയിൽ ചുവടുറപ്പിച്ചത്. സീറോ ബജറ്റ് നാച്വറൽ ഫാമിങ് (ചെലവില്ലാ പ്രകൃതികൃഷി) എന്ന് ഈ രീതി അറിയപ്പെടുന്നു. നാടൻ പശുക്കളുടെ ചാണകവും മൂത്രവുമാണു പ്രാഥമികമായി വേണ്ടത്.

ഒരു നാടൻ പശു ഉണ്ടെങ്കിൽ 30 ഏക്കറിൽ കൃഷി ചെയ്യാം. ഉൽപാദനം ഒട്ടും കുറയില്ല. കൃഷിയിടത്തെ സൂക്ഷ്മാണുകൊണ്ടു നിറച്ചാൽ സമൃദ്ധമായ വിളവുണ്ടാകും എന്നതാണു പ്രകൃതി കൃഷിയുടെ അടിസ്ഥാന തത്വം. കൂടാതെ 28 ഏക്കറിൽ നെല്ലും 3 ഏക്കറിൽ ഫലവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. 22 നാടൻ പശുക്കളാണുള്ളത്. പുല്ലും വെള്ളവും മാത്രമാണു തീറ്റ. ടെറാകോട്ട യൂണിറ്റ് നടത്തുകയായിരുന്ന അനിൽകുമാർ 10 വർഷത്തിലധികമായി കൃഷിയിലേക്കു തിരിഞ്ഞിട്ട്.   

പ്രകൃതികൃഷിക്ക് 4 ഘട്ടങ്ങൾ; ബീജാമൃതം  (ഒരു ഏക്കറിലേക്ക്) 
∙ 5 കിലോ ചാണകം, 5 ലീറ്റർ ഗോമൂത്രം, 50 ഗ്രാം ചുണ്ണാമ്പ്, ഒരു പിടി രാസവളം ചേർക്കാത്ത മണ്ണ് എന്നിവ 200 ലീറ്റർ വെള്ളത്തിൽ ഓരോന്നായി ചേർത്തു വലത്തോട്ട് ഇളക്കണം. 12 മണിക്കൂർ കൂടുമ്പോൾ ഇളക്കി ക്കൊടുക്കണം. 48 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. വിത്തുകൾ ബീജാമൃതത്തിൽ മുക്കിയെടുത്തു തണലത്ത് ഉണക്കി നടണം. ഇത്തരം വിളകൾക്കു കീടബാധ ഉണ്ടാവില്ല. 

ജീവാമൃതം 
∙ നാടൻ പശുവിന്റെ ചാണകം 10 കിലോ, മൂത്രം 5 ലീറ്റർ, 2 കിലോ ശർക്കര (അല്ലെങ്കിൽ 4 ലീറ്റർ കരിമ്പിൻ ചാറ്, തേങ്ങാവെള്ളം 2 ലീറ്റർ), 2 കിലോ ഉഴുന്നുമാവ് (കടല, പയർ, തുവര, മുതിര) രാസവളം ചേർക്കാത്ത മണ്ണ് ഒരു പിടി, വെള്ളം 200 ലീറ്റർ എന്നിവ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച കുഴിയിൽ  ഒന്നിച്ചുചേർത്തു നന്നായി ഇളക്കണം. തണലത്തുവച്ച് ചണച്ചാക്കു കൊണ്ടു മൂടിവയ്ക്കണം. ദിവസവും 3 തവണ ഘടികാര ദിശയിൽ ഇളക്കണം. 48 മണിക്കൂർ സൂക്ഷിച്ചശേഷം 7 ദിവസത്തിനകം ഉപയോഗിച്ചു തീർക്കണം. 10– 15 ദിവസത്തെ ഇടവേളയിൽ വിളകൾക്ക് ഒഴിച്ചുകൊടുക്കാം. 

ഘന ജീവാമൃതം 
∙ ജീവാമൃതത്തിന്റെ ഖര രൂപമാണിത്. ജീവാമൃതത്തിന്റെ ചേരുവകൾ വെള്ളം ചേർക്കാതെ ഇളക്കി തണലത്തു കൂനകൂട്ടി വയ്ക്കണം. ശർക്കര അലിയിച്ചോ പൊടിച്ചോ ചേർക്കാം. 48 മണിക്കൂറിനുശേഷം വെയിലത്ത് ഉണക്കണം. ചെടികളുടെ വേരുകൾക്കടുത്തു മണ്ണിൽ തിരുകിയും പുതയിട്ടും ഉപയോഗിക്കാം. നിലമൊരുക്കുമ്പോഴും നടുമ്പോഴും ചേർക്കാം. 

പുതയിടൽ 
∙ ഇലകൾ, വൈക്കോൽ, പഴയ കോട്ടൺ തുണി എന്നിവ ഉപയോഗിച്ചു പുതയിടാം. ഇതു മണ്ണിലെ ഈർപ്പം നിലനിർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com