കുതിരാനിൽ ലഹരിവേട്ട; 3 കിലോ ഹഷീഷും 78 കിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ
Mail This Article
തൃശൂർ ∙ കുതിരാൻ തുരങ്കത്തിൽ വൻ ലഹരിമരുന്നുവേട്ട. ആഡംബരക്കാറിൽ കടത്തിയ 3 കിലോ ഹഷീഷ് ഓയിലും 78 കിലോ കഞ്ചാവും രണ്ടു ലക്ഷം രൂപയും സഹിതം 2 യുവാക്കളെ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും പീച്ചി പൊലീസും ചേർന്നു പിടികൂടി. പുത്തൂർ പെരിയവീട്ടിൽ അരുൺ (30), കോലഴി കളപ്പുരയ്ക്കൽ അഖിൽ (29) എന്നിവരാണു പിടിയിലായത്. ലഹരിവസ്തുക്കൾക്കു 3.75 കോടിയോളം രൂപയുടെ വിപണിമൂല്യമുണ്ടെന്നു പൊലീസ് പറഞ്ഞു. പടിഞ്ഞാറെ തുരങ്കമുഖത്തു കഴിഞ്ഞ രാത്രി 1.30ന് ആണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാർ തടഞ്ഞപ്പോൾ അഖിൽ മാത്രമാണു വണ്ടിയിലുണ്ടായിരുന്നത്. ചോദ്യംചെയ്തപ്പോൾ പിന്നാലെ മറ്റൊരു കാർ വരുന്നുണ്ടെന്നും ഇതിലാണു ലഹരി വസ്തുക്കളെന്നും വ്യക്തമായി.
അരമണിക്കൂറിനു ശേഷമെത്തിയ അരുണിന്റെ കാറിൽ നിന്നാണു ഹഷീഷും കഞ്ചാവും കണ്ടെടുത്തത്. ഇവർ ലഹരിമരുന്നു കടത്താൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരു വാനും കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ ഒരു കാറിൽ മുന്നിൽ സഞ്ചരിക്കുകയും വഴിയിൽ തടസ്സങ്ങളില്ലെന്ന് അറിയിച്ചശേഷം ലഹരിയുമായി രണ്ടാമൻ അടുത്ത കാറിൽ പിന്തുടരുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 60 കിലോ കഞ്ചാവ് കടത്തിയതടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ. തൃശൂരിലും എറണാകുളത്തുമായി ലഹരിമൊത്തവിൽപന നടത്തുന്ന സംഘത്തിന്റെ തലവനാണ്. അരുണിന്റെ അടുത്ത ബന്ധുവായ അഖിലാണു പ്രധാന സഹായി. ഇവരിൽ നിന്നു കഞ്ചാവു വാങ്ങുന്നവരെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരം ലഭിച്ചു.
കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ എസിപി മുഹമ്മദ് നജീം, പീച്ചി എസ്എച്ച്ഒ ജെ.സി. പ്രമോദ് കൃഷ്ണൻ, എസ്ഐ വി. അമീർ അലി, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, എഎസ്ഐ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, ആഷിഷ്, ശരത്, സുജിത്, വിപിൻദാസ്, അജിത് കുമാർ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.