കൃഷി നശിപ്പിച്ച് കാട്ടാനയും പന്നിയും
Mail This Article
വരന്തരപ്പിള്ളി ∙ പുലിക്കണ്ണി കാരികുളംകടവിൽ കുറുമാലിപ്പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു. കുഴിയാനിമാറ്റം ജെയിംസിന്റെ 100 റബർ തൈകളും കുഴിയാനിമാറ്റം ഷാജിയുടെ 40 വാഴകളും നശിപ്പിച്ചു. ഏതാനും തെങ്ങുകളും അടയ്ക്ക, ജാതി മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. 907 ഓത്തനാട് ഭാഗത്തെ റബർ തോട്ടത്തിലെത്തിയ ആനക്കൂട്ടം പുഴയോരത്തുള്ള പറമ്പുകളിൽ നാശം വിതക്കുകയായിരുന്നു.മരങ്ങൾ ഒടിക്കുന്ന ശബ്ദം കേട്ടാണ് ആനകൾ ഇറങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞത്. കൂട്ടമായി നിലയുറപ്പിച്ചിരുന്നതിനാൽ ആനകളെ തുരത്താൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെവരെ പറമ്പുകളിൽ ആനകളുടെ ശല്യമുണ്ടായിരുന്നു.
അളഗപ്പനഗർ ∙ പച്ചളിപ്പുറത്ത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി കർഷകർ. വാഴയാണ് കൂടുതലും നശിപ്പിക്കുന്നത്. അണക്കത്തി ബാലകൃഷ്ണൻ, കാവിൽ വർഗീസ്, കീളത്ത് സുഭദ്ര എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. വാഴയ്ക്കൊപ്പം മരച്ചീനി, ചേമ്പ് തുടങ്ങിയവയും നശിപ്പിക്കുന്നുണ്ട്.