വെട്ടുകടവ് പാലം: അറ്റകുറ്റപ്പണി ഉടൻ, കേടുപാടുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെത്തി

Mail This Article
ചാലക്കുടി ∙ പുഴയ്ക്കു കുറുകെ നഗരസഭയെയും മേലൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വെട്ടുകടവ് പാലത്തിന്റെ കേടുപാടുകൾ പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരെത്തി. പാലത്തിന് ബലക്ഷയം ഇല്ലെന്നും യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാലത്തിലെ വിടവ്, പാതയോരത്തെ ഗർത്തം എന്നിവ പരിശോധിച്ചു.
പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയർ എസ്.ഹരീഷ്, പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നിമേഷ് പുഷ്പൻ, എം.എ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. താൽക്കാലികമായി വിടവ് അടയ്ക്കുകയും ഗർത്തത്തിൽ മെറ്റൽ നിറയ്ക്കുകയും ചെയ്യും.
പാലത്തിലെ സ്പാനുകൾക്കിടയിലെ വിടവ് വർഷങ്ങളായി അപകടകാരണമാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ അധികവും. ഒട്ടേറെ പേർ അപകടത്തിൽ പെട്ടിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ കാലതാമസമുണ്ടായതു വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത നൽകിയിരുന്നു. 2018ലെ പ്രളയത്തിൽ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകിയിരുന്നു. 2013ലാണ് പാലം ഉദ്ഘാടനം നടത്തി ഗതാഗതത്തിനു തുറന്നു കൊടുത്തത്.