16 മണിക്കൂർ; കൊട്ടിത്തിമിർത്ത് കിഴക്കൂട്ട് അനിയൻ മാരാർ

Mail This Article
തൃശൂർ∙ പ്രായം 78. ഈ മനുഷ്യൻ 56 മണിക്കൂറിനിടെ കൊട്ടിയതു 5 മേളങ്ങൾ. എല്ലാംകൂടെ 16 മണിക്കർ. നീണ്ട പൊരി വെയിലിലും ചൂടിലും രാത്രിയിലും കൊട്ടിത്തീർത്തവയാണിത്. രാത്രി രണ്ടിനു തുടങ്ങി പകൽ ആറരയോടെ അവസാനിച്ച പ്രശസ്തമായ എടക്കുന്നി പഞ്ചാരിയടക്കമുള്ള മേളവും ഇതിൽ പെടുന്നു. കിഴക്കൂട്ട് അനിയൻ മാരാർ പ്രായത്തെ മേളം കൊണ്ടു മറി കടക്കുകയാണ്. പ്രായവും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നവും അനിയൻ മാരാർ കാറ്റും കൊടുങ്കാറ്റുമായി മാറുന്ന മേളങ്ങൾ കൊണ്ടു മറി കടക്കുന്നു. 20 കിലോയോളം തൂക്കം വരുന്ന ചെണ്ട തോളിലിട്ടാണ് അയാൾ നിന്നതും നടന്നതും 16 മണിക്കൂർ കൊട്ടിയതും.
കഴിഞ്ഞ 24നു ഉച്ചയോടെ പെരുമ്പാവൂരിൽ രണ്ടു മണിക്കൂർ മേളം കൊട്ടിക്കഴിഞ്ഞാണ് അദ്ദേഹം ആറാട്ടു പുഴയിൽ രാത്രി 11 മുതൽ നെട്ടിശ്ശേരി ശാസ്താവിന്റെ മേളം കൊട്ടിയത്. അതു തീരുമ്പോൾ വെളുപ്പിനു ഒന്നരയോളമായിരുന്നു. അന്നു പകൽ വിശ്രമം കിട്ടി. തൊട്ടടുത്ത രാത്രി ഉറക്കമില്ല. വെളുപ്പിനു 1.30 മുതൽ 6 മണിവരെ പ്രശസ്തമായ ഒല്ലൂർ എടക്കുന്നി പഞ്ചാരി കൊട്ടി. നാലര മണിക്കൂറോളം മേളം കൊട്ടിയ ശേഷം നേരെ മുക്കാട്ടുകര ക്ഷേത്രത്തിലെത്തുന്നു. അവിടെ 7.30 മുതൽ 9.30വരെ മേളം. ഒന്നര മണിക്കൂറിന്റെ ഇടവേളയിലാണിത്. അന്നു വൈകിട്ടു തറയ്ക്കൽ നെട്ടിശ്ശേരി പൂരത്തിനു കൊട്ടിയതു രണ്ടു മണിക്കൂർ.
ആ മേളം അവസാനിക്കുമ്പോൾ രാത്രി 9 മണിയോളമായി. തൊട്ടടുത്ത ദിവസം വൈകിട്ടു 4.30 മുതൽ വീണ്ടും കൊട്ടുകയാണ്. ഒല്ലൂക്കര, ചെറുകുളങ്ങര ക്ഷേത്രത്തിലെ മേളമാണത്. 56 മണിക്കൂറിൽ അദ്ദേഹം ചെണ്ടയുമായി നിന്നതു 15– 16 മണിക്കൂറോളം. പൂർണമായും ഉറങ്ങാത്ത ഒരു രാത്രിയും ഇതിലുണ്ട്. പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണിയായി തിരിച്ചുവന്നതോടെയാണ് ഈ കാരണവരുടെ പ്രമാണിത്തത്തിന്റ സുവർണപ്രഭ നിറഞ്ഞു പൊലിഞ്ഞത്. ആറര പതിറ്റാണ്ടോളം കൊട്ടിയ കിഴക്കൂട്ട് ഇടക്കാലത്തു ഏറെക്കുറെ മേളം വിട്ടതുപോലായിരുന്നു. രണ്ടു വർഷം മുൻപായിരുന്നു തിരിച്ചുവരവ്.
പൊള്ളുന്ന ചൂടിലും രാത്രിയും ഈ എഴുപത്തിയെട്ടുകാരന്റെ മേളം ആയിരങ്ങളെ ആറാടിക്കുകയാണ്. എടക്കുന്നിയിൽ രണ്ടു മണിക്കൂറാണു പതികാലം കൊട്ടിയത്. 20 മിനിറ്റു വീതമുള്ള രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടി. മേളക്കാരനു ഒരു നിമിഷാർധം പോലും വിശ്രമമില്ലാത്ത അഞ്ചാം കാലമെന്ന തകർത്തു പെയ്യുന്ന കാലം കൊട്ടിയതു ഒരു മണിക്കൂറും നാലു മിനിറ്റുമാണ്. പഞ്ചാരിയിൽ ഒരു കയ്യിലേ കോലു പിടിക്കൂ. ഒരു കൈ വേണം കോലിനു പകരമായി ചെണ്ടയിൽ ശബ്ദത്തിന്റെ ഗോപുരം പണിതെടുക്കാൻ. 78 കഴിയാൻ മാസങ്ങൾ മാത്രമുള്ളപ്പോഴും കിഴക്കൂട്ടു കൊട്ടിത്തിമർക്കുന്നു. അതും 40 ഡിഗ്രിയിൽ മുട്ടി നിൽക്കുന്ന ചൂടുകാലത്ത്.