മുരിങ്ങൂര്‍ റെയില്‍വേ മേല്പാലത്തില് രാത്രിയാത്രയ്ക്ക് കൂട്ട് ഇരുട്ട്

Mail This Article
മുരിങ്ങൂർ ∙ കാടുകുറ്റി, കൊരട്ടി, മേലൂർ പഞ്ചായത്ത് പ്രദേശങ്ങൾ സംഗമിക്കുന്ന മുരിങ്ങൂരിലെ റെയിൽവേ മേൽപാലത്തിലൂടെ രാത്രി പോകുന്നവർക്ക് കൂട്ടിന് ഇരുട്ടു മാത്രം. 2015ൽ നിർമാണം പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു തുറന്നുകൊടുത്ത മേൽപാലത്തിലാണ് തെരുവു വിളക്കുകളുടെ അഭാവം അപകടഭീഷണി ഉയർത്തുന്നത്. ഉദ്ഘാടനത്തിനു ശേഷം അന്നത്തെ എംഎൽഎ ബി.ഡി.ദേവസിയുടെ ശ്രമഫലമായി പാലത്തിൽ സൗരോർജ തെരുവു വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവയുടെ ബാറ്ററി ഉൾപ്പെടെ മോഷണം പോയി. അതോടെ അധികകാലം പ്രവർത്തിക്കാതെ ലക്ഷങ്ങൾ ചെലവഴിച്ച ഈ പദ്ധതിയും ഇരുട്ടുമൂടി. തെരുവു വിളക്കു സ്ഥാപിക്കാൻ ആവശ്യപ്പെട്ടു റെയിൽവേ അധികൃതരെയും പഞ്ചായത്ത്, എംപി, എംഎൽഎ എന്നിവരെയും പലവട്ടം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു.
നൂറു കണക്കിനു യാത്രക്കാരാണ് റെയിൽവേ പാലത്തിലൂടെ രാത്രിയാത്ര നടത്തുന്നത്. പെൺകുട്ടികളും സ്ത്രീകളും അടക്കമുള്ളവർ പഠനവും ജോലിയും കഴിഞ്ഞ് ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ പോകുന്നുണ്ട്.പലപ്പോഴും ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവാകുന്നത്. പാലം അവസാനിക്കുന്ന ഭാഗത്ത് റോഡിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം മേൽപാലത്തിലേയ്ക്കില്ല. ഏറെക്കാലത്തെ നിർമാണ സ്തംഭനത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാക്കിയത്. ചാലക്കുടി ഭാഗത്തു നിന്ന് ആറ്റപ്പാടം, അന്നനാട്, മണ്ടിക്കുന്ന്, കാടുകുറ്റി, അമ്പഴക്കാട്, പാളയംപറമ്പ്, വൈന്തല, മാള ഭാഗങ്ങളിലേയ്ക്കു മേൽപാലം വന്നതോടെ യാത്ര എളുപ്പമായി. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.