വെള്ളമുണ്ട്, കാറു കഴുകാനും ചെടി നനയ്ക്കാനും; കൊടുങ്ങല്ലൂർ, മേത്തല മേഖലകളിൽ വെള്ളത്തിന്റെ ദുരുപയോഗം
Mail This Article
കൊടുങ്ങല്ലൂർ ∙ ചെടി നനയ്ക്കാനും കാർ കഴുകാനും ജല അതോറിറ്റി പൈപ്പിലെ വെള്ളം ഉപയോഗിക്കുന്നതായി ആക്ഷേപം. കൊടുങ്ങല്ലൂർ, മേത്തല പ്രദേശങ്ങളിലാണു വെള്ളം ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നത്. മേത്തല സമഗ്ര ശുദ്ധജല പദ്ധതിയിലൂടെയും വൈന്തലയിൽ നിന്നും കൂടുതൽ വെള്ളം വിതരണം ചെയ്തിട്ടും രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നതിനു കാരണം ദുരുപയോഗമാണെന്നു നാട്ടുകാർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ശുദ്ധ ജല സ്രോതസുകളെല്ലാം വറ്റിവരണ്ടു. ജല അതോറിറ്റി പൈപ്പിലെ വെള്ളം മാത്രം ആശ്രയിക്കുന്ന പ്രദേശമാണ് ഇവിടം.
കുളങ്ങളിലെ ജല നിരപ്പ് താഴുന്നതോടെ കിണറുകളിൽ വെള്ളം ഇല്ലാതായി. ഇതോടെ വീടുകളിലെ മുഴുവൻ ആവശ്യങ്ങൾക്കും ജലഅതോറിറ്റി പൈപ്പിലെ വെള്ളം ഉപയോഗിക്കുകയാണ്. മുൻ വർഷങ്ങളിൽ ഓരോ പ്രദേശത്തേക്കും നൽകിയിരുന്ന വെള്ളത്തിന്റെ തോതിനേക്കാൾ കൂടുതൽ വെള്ളം പമ്പ് ചെയ്യുന്നതായി ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും ശുദ്ധജലം എങ്ങുമെത്തുന്നില്ലെന്നു പരാതിയാണ്.
ഇതിനിടെയാണ് വ്യാപകമായ ദുരുപയോഗം. ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ പോലും പൈപ്പിൽ നിന്നു നേരിട്ടു കാർ കഴുകാനും ചെടി നനയ്ക്കാനും വെള്ളം ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ദുരുപയോഗം തടയാൻ അധികൃതർ രംഗത്തുണ്ടെങ്കിലും ആളെ പിടികൂടാൻ സാധിക്കുന്നില്ല.അഴീക്കോട് സൂനാമി കോളനിയിലും ആല ഗോതുരുത്തിലും വെള്ളം എത്തുന്നത് നൂലു പോലെ. ചിലയിടത്ത് അർധരാത്രി. ചിലയിടത്ത് ആഴ്ചയിൽ ഒരിക്കൽ മാത്രം, സൂനാമി കോളനിയിലെ 265 കുടുംബങ്ങളിലെ പൊതു ടാപ്പിൽ നിന്നു വെള്ളം എടുക്കുന്ന മുഴുവൻ വീട്ടുകാരുടെയും വാക്കുകൾ ഇതു തന്നെയാണ്.
ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് മുനയ്ക്കൽ ബീച്ചും സൂനാമി കോളനി പരിസരവും. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി നാലു ദിവസം കൂടുമ്പോൾ പൈപ്പിൽ വെള്ളം വരുന്നുണ്ടെന്നു ആശ്വസിക്കുമ്പോഴും രാത്രി വരുന്നതാണ് ഇപ്പോൾ പ്രശ്നം. തൊഴിലുറപ്പ് ജോലിക്കും മറ്റു കൂലി പണികൾക്കും പോയി മടങ്ങിയെത്തുന്ന വീട്ടമ്മമാരാണ് ഇൗ ദുരിതം ഏറെയും നേരിടുന്നത്. വെള്ളം പകൽ തുറന്നു വിട്ടാലും പ്രദേശത്തെ പൈപ്പുകളിൽ എത്തണമെങ്കിൽ രാത്രിയാകണമെന്നു പ്രദേശവാസികൾ പറയുന്നു. പകൽ കൂലി വേലയും കഴിഞ്ഞു വീട്ടിലെത്തുന്ന വീട്ടമ്മമാർക്കു പൈപ്പിലെത്തി വെള്ളം പിടിക്കലാണ് രാത്രി ജോലി.