ജിയോ ടെക്സ്റ്റൈൽ – ജിയോ സെൽ ഉപയോഗിച്ച് റോഡ് നിർമാണം; ഈ രീതി കേരളത്തിൽ ആദ്യം

Mail This Article
കേച്ചേരി∙ സംസ്ഥാനത്ത് ആദ്യമായി ജിയോ ടെക്സ്റ്റൈൽ- ജിയോ സെൽ ഉപയോഗിച്ചുള്ള നവീകരണം കേച്ചേരി- അക്കിക്കാവ് ബൈപാസിൽ ആരംഭിച്ചു. കെആർഎഫ്ബിയുടെ മേൽനോട്ടത്തിൽ ബാബ് കൺസ്ട്രക്‌ഷൻ കമ്പനിയാണു നിർമാണം നടത്തുന്നത്. 1.2 കിലോമീറ്റർ നീളത്തിലും 9 മീറ്ററോളം വീതിയിലും മണ്ണ് ബലപ്പെട്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ജിയോ ടെക്സ്റ്റൈൽ വിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതുമൂലം ഇതു പരിസ്ഥിതിക്കു ചേർന്നതുമാണ്.
കുന്നംകുളം - മണലൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസിന് 9.88 കിലോമീറ്റർ നീളമാണുള്ളത്. നവീകരണം പൂർത്തിയാകുന്നതോടെ തൃശൂരിൽ നിന്നു വടക്കോട്ടു പോകുന്നവർക്ക് കുന്നംകുളം നഗരത്തിലെ തിരക്ക് ഒഴിവാക്കുകയും 4 കിലോമീറ്ററോളം ദൂരം ലാഭിക്കുകയും ചെയ്യാം. ചിറനെല്ലൂർ കൂമ്പുഴ ഭാഗങ്ങളിലെ റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച ജിയോ ടെക്സ്റ്റൈൽ- ജിയോ സെൽ ഉപയോഗിച്ചുള്ള നിർമാണ രീതി ഉപയോഗിക്കുന്നത്.
കുറാഞ്ചേരി – വേലൂർ റോഡിൽ കേച്ചേരിയിൽ നിന്ന് ആരംഭിച്ച് തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ അക്കിക്കാവിൽ അവസാനിക്കുന്ന റോഡ് കിഫ്ബി മാനദണ്ഡപ്രകാരം 12 മീറ്റർ വീതിയിൽ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആർസി മാനദണ്ഡങ്ങളനുസരിച്ച് കലുങ്കുകളുടെയും കാനകളുടെയും റോഡിന്റെയും പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. 3 മാസത്തിനുള്ളിൽ 2.5 കിലോമീറ്റർ ദൂരം ടാറിങ്ങും 13 കലുങ്കുകളും 2 കിലോമീറ്ററോളം കാനകളും നിർമിക്കാനാണ് ഉദ്ദേശ്യം.