ADVERTISEMENT

തൃശൂർ ∙ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനും  കലക്ടറേറ്റിൽ നാമനിർദേശപത്രികകൾ സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ ആദ്യം സുരേഷ് ഗോപിയും പിന്നാലെ മുരളീധരനും ജില്ലാ വരണാധികാരി കൂടിയായ കലക്ടർ വി.ആർ.കൃഷ്ണതേജയ്ക്കു പത്രികകൾ കൈമാറി.അയ്യന്തോളിലെ അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടന്നു കലക്ടറേറ്റിലെത്തിയാണു സുരേഷ് ഗോപി 2 സെറ്റ് പത്രികകൾ കൈമാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ കമ്മിറ്റി അംഗം വിജയൻ മേപ്രത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാക്കളായ കെ.വി.ശ്രീധരൻ, ജസ്റ്റിൻ ജേക്കബ്, കെ.ആർ.ഹരി, സുജയ് സേനൻ, എം.എസ്.സമ്പൂർണ, പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി എന്നിവർ കലക്ടറേറ്റിൽ എത്തിയിരുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികളാണു പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക നൽകിയത്.

കെ.മുരളീധരൻ 4 സെറ്റ് പത്രികയാണു സമർപ്പിച്ചത്. ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ പടിഞ്ഞാറേക്കോട്ടയിൽ കെ.കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രവർത്തകർക്കൊപ്പം നടന്നാണു മുരളീധരൻ കലക്ടറേറ്റിൽ എത്തിയത്. നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, എം.പി.വിൻസന്റ്, ടി.വി.ചന്ദ്രമോഹൻ, ഒ.അബ്ദുറഹിമാൻകുട്ടി, സി.എച്ച്.റഷീദ്, കെ.ആർ.ഗിരിജൻ, ജോൺസൻ കാഞ്ഞിരത്തിങ്കൽ, പി.എം.ഏലിയാസ്, ജോബി കയ്പമംഗലം, മനോജ് ചിറ്റിലപ്പിള്ളി എന്നിവർ കലക്ടറേറ്റിലെത്തി. ടി.എൻ.പ്രതാപൻ എംപിയാണു കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ബുധനാഴ്ച എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ പത്രിക നൽകിയിരുന്നു.

15 സ്ഥാനാർഥികൾ; വി.എസ്. സുനിൽകുമാറിന് അപരൻ
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതു 15 സ്ഥാനാർഥികൾ. ഇതിൽ എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ ഡമ്മി സ്ഥാനാർഥികളുമുണ്ട്. വനിത ഉൾപ്പെടെ 7 സ്വതന്ത്രർ പത്രിക നൽകി. സുനിൽകുമാർ എന്ന പേരിൽ സ്വതന്ത്ര സ്ഥാനാർഥിയും രംഗത്തുണ്ട്. അവിണിശേരി സ്വദേശിയായ സുനിൽകുമാർ ഇന്നലെയാണു പത്രിക നൽകിയത്. മുന്നണികൾ കൂടാതെ ന്യു ലേബർ പാർട്ടി, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവരുടെ സ്ഥാനാർഥികളും പത്രിക നൽകിയിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. 8 വരെ പത്രികകൾ പിൻവലിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com