89 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Mail This Article
കൊടകര ∙ ഒഡീഷയിൽ നിന്ന് നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കോടനാട് കോട്ടവയൽ അജി വി. നായർ (29), പാലക്കാട് ചുള്ളിമട സ്വദേശി ശ്രീജിത്ത് (22) എന്നിവരെയാണ് കൊടകര എസ്ഐ സി. ഐശ്വര്യ അറസ്റ്റ് ചെയ്തത്. ഒറീസയിലെ ഭ്രാംപൂരിൽ നിന്ന് കാറിൽ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംക്‌ഷനിൽ വാഹന പരിശോധനയ്ക്കിടെ കൊടകര പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിൽ കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് ഒരു കോടി രൂപ വിലമതിക്കും. എറണാകുളം കേന്ദ്രീകരിച്ച് വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കും.എസ്‌ഐമാരായ വി.ജി. സ്റ്റീഫൻ, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.