ADVERTISEMENT

പെരിഞ്ഞനം (തൃശൂർ) ∙  ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം രായംമരക്കാർ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ശനിയാഴ്ച രാത്രിയാണ് മൂന്നുപീടിക തെക്കേഭാഗത്തെ സെയിൻ ഹോട്ടലിൽനിന്നു പാഴ്സലായി വാങ്ങിയ കുഴിമന്തി കഴിച്ച് ആശുപത്രിയിലായത്.അൽഫാമിൽ നിരോധിത രാസനിറം ചേർത്തതിനു 3 മാസമായി കോടതിയിൽ നിയമ നടപടി നേരിടുന്ന ഹോട്ടലാണിത്. കുഴിമന്തി കഴിച്ചു ദേഹാസ്വാസ്ഥ്യവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 227 പേരിൽ 47 പേർ കിടത്തിച്ചികിത്സയിലാണ്. ഇതിൽ ഗുരുതര നിലയിലുള്ള ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി സെയിൻ ഹോട്ടലിൽനിന്നു നേരിട്ടും പാഴ്സൽ വാങ്ങിയും ഭക്ഷണം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. നുസൈബയുടെ മക്കളടക്കം 6 കുടുംബാംഗങ്ങൾക്കുകൂടി ദേഹാസ്വാസ്ഥ്യമുണ്ടായി. എല്ലാവരും അന്നുതന്നെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തു.സ്ഥിതി മോശമായതിനെത്തുടർന്ന് ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കും പിന്നീടു തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ പുലർച്ചെ മൂന്നോടെയാണു മരിച്ചത്. നുസൈബയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുനൽകിയ മെഡിക്കൽ കോളജ് അധികൃതരുടെ ഗുരുതരവീഴ്ച വിവാദമായി.

പിന്നീടു മൃതദേഹം തിരികെയെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. കബറടക്കം നടന്നു. മരിച്ചയാളും ചികിത്സയിലുള്ളവരുമടക്കം കുഴിമന്തിയും അൽഫാമുമാണ് കഴിച്ചത്; ഒപ്പം മയോണൈസും. അൽഫാമും ഷവർമയും കുഴിമന്തിയും കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ ഒട്ടുമിക്ക സംഭവങ്ങളിലും പ്രതിസ്ഥാനത്തു മയോണൈസ് ആണെന്നതിനാൽ ഈ വഴിക്കാണു പ്രധാനമായും പരിശോധന.എന്നാൽ, മയോണൈസ് കഴിക്കാത്ത ഏതാനും പേരും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ചിക്കനിൽ നിന്നാണോ വിഷബാധയേറ്റതെന്നും പരിശോധിക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ വിസർജ്യ സാംപിൾ വിശദ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 27 പേർ ശനിയാഴ്ച രാത്രിതന്നെ ചികിത്സ തേടി.

ഹോട്ടലിലെ 3 ഇതര സംസ്ഥാനത്തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്. പനിയും ഛർദ്ദിയും വയറിളക്കവും ആയിരുന്നു കൂടുതൽ പേർക്കും. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി ഹോട്ടൽ പൂട്ടിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഭക്ഷണത്തിന്റെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വൃത്തിഹീനമായ അവസ്ഥയിലാണു ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

പെരിഞ്ഞനം കുറ്റിലക്കടവിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 
നുസൈബ താമസിച്ചിരുന്ന വീട് .
പെരിഞ്ഞനം കുറ്റിലക്കടവിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച നുസൈബ താമസിച്ചിരുന്ന വീട് .

പൂട്ടിച്ചാലും തുറക്കുന്ന മരണക്കട
തൃശൂർ ∙ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ഭക്ഷ്യവിഷബാധയുടെ ഉറവിടമായ പെരിഞ്ഞനത്തെ ഹോട്ടൽ നിയമ നടപടി നേരിട്ടതു പലവട്ടം. നിരോധിത രാസനിറമായ സൺസെറ്റ് യെലോ ചേർത്ത അൽഫാം ചിക്കൻ വിൽപന നടത്തിയതിന്റെ പേരിൽ 3 മാസം മുൻപു ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പു കേസെടുത്തിരുന്നു. 

ഈ കേസ് കോടതിയിൽ തുടരുന്നതിനിടെയാണു പുതിയ സംഭവം. മുൻപു സുരക്ഷിതമല്ലാത്ത ചുറ്റുപാടിലെ ഭക്ഷണവിതരണത്തിന്റെ പേരിൽ ആരോഗ്യ വകുപ്പ് ഒരുവട്ടം ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു. ഓരോവട്ടവും നിയമ നടപടികളിൽ നിന്നു രക്ഷപ്പെടുകയും ഹോട്ടൽ പഴയ ചുറ്റുപാടിൽ പ്രവർത്തിക്കുകയും ചെയ്യുന്നതെങ്ങനെയെന്നതു വ്യാപക ആരോപണങ്ങൾക്കിടയാക്കി.

അൽഫാം ചിക്കനു മഞ്ഞ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണു സൺസെറ്റ് യെലോ. സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ, തുകൽ വസ്തുക്കൾ എന്നിവയ്ക്കു നിറം നൽകാനുപയോഗിക്കുന്ന ഈ രാസവസ്തു മാരക ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അലർജി, കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി, ക്രോമസോം വ്യതിയാനങ്ങൾ എന്നിവയ്ക്ക് ഈ രാസവസ്തു വഴിയൊരുക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഹോട്ടലിൽ നിന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച സാംപിൾ പരിശോധിച്ചപ്പോഴാണു സൺസെറ്റ് യെലോ സാന്നിധ്യം കണ്ടത്. 

പിഴയൊടുക്കി വിടാവുന്ന കുറ്റമല്ലാത്തതിനാലാണു കേസ് റജിസ്റ്റർ ചെയ്തു പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയത്. എന്നാൽ, ഹോട്ടൽ പ്രവർത്തനം തുടർന്നു.  ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് ഐഡിഎസ്പി ഓഫിസർ ഡോ.ഗീത, എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എത്തി  ഹോട്ടലിൽ തെളിവെടുപ്പു നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നുവെന്നുകാട്ടി കയ്പമംഗലം പൊലീസിനും പെരിഞ്ഞനം പഞ്ചായത്തിനും ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി. ഹോട്ടൽ ഉടമകൾക്കെതിരെ കർശന നിയമ നടപടിക്കു ശുപാർശയുണ്ട്. 

നുസൈബയുടെ മരണം: നാടിനു ഞെട്ടൽ
പെരിഞ്ഞനം ∙ ഭക്ഷ്യവിഷബാധയേറ്റു നുസൈബ മരിച്ചത് നാടിനാകെ ഞെട്ടലായി. ഹോട്ടലിലിരുന്നു ഭക്ഷണം കഴിച്ചവരും പാഴ്സലായി വാങ്ങി കുടുംബത്തോടൊപ്പം കഴിച്ചവരുമടക്കം എല്ലാവരും ഭീതിയിലായി. മതിലകം സ്വദേശിയായ നുസൈബയും കുടുംബവും 5 വർഷം മുൻപാണു പെരിഞ്ഞനം പൊന്മാനിക്കുടത്തു മകൾ ഷറീനയ്ക്കൊപ്പം താമസമാക്കിയത്.

ഇവരെ കൂടാതെ സഹോദരിയും മക്കളും കൂടി ഇവർക്കൊപ്പം താമസിച്ചിരുന്നു. നുസൈബയടക്കം 6 പേർക്കും കഴിക്കാനായി സഹോദരിയുടെ ഭർത്താവാണു കുഴിമന്തി വാങ്ങിയത്. ഇവരെല്ലാവരും ചികിത്സയിലാണ്. നുസൈബയുടെ മൃതദേഹം പൊന്മാനിക്കുടം മഹല്ലിൽ കബറടക്കി.  ഇ.ടി. ടൈസൺ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. 

ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയാൽ  ഉടൻ റിപ്പോർട്ട് ചെയ്യണം: കലക്ടർ
തൃശൂർ ∙ ജില്ലയിൽ ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയാൽ ഉടനെ തദ്ദേശ സ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകൾക്ക് റിപ്പോർട്ട് ചെയ്യാൻ കലക്ടർ വി.ആർ.കൃഷ്ണതേജ ആശുപത്രി അധികൃതർക്കു നിർദേശം നൽകി. ജില്ലയിലെ എല്ലാ റസ്‌റ്ററന്റുകളിലും ഹോട്ടലുകളിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനു പ്രത്യേക പരിശോധനകളും തുടർ പരിശോധനകളും നടത്താനും പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിർദേശിച്ചു. 

പരിശോധനയിൽ ഭക്ഷ്യവിഷബാധ കണ്ടെത്തിയാൽ പിഎച്ച്സി തലം മുതൽ എല്ലാ ആശുപത്രികളിലെയും ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ റിപ്പോർട്ട് നൽകണം. ഇതിനായി തദ്ദേശ സ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകളിൽ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിലെ എച്ച്ഐമാരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും അടിയന്തരമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കും.

വില്ലൻ മയോണൈസ്
തൃശൂർ ∙ പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റവർ കഴിച്ചതു കുഴിമന്തിയും അൽഫാമും. ഈ ഭക്ഷണങ്ങളുടെ കൂടെ മയോണൈസ് കഴിച്ചതായും ആശുപത്രിയിൽ കഴിയുന്ന ഒട്ടുമിക്കവരും ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും മൊഴി നൽകി. മയോണൈസ് തന്നെയാണോ അപകടത്തിന് ഇടയാക്കിയതെന്ന കാര്യം വ്യക്തമാകാൻ നുസൈബയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചികിത്സയിൽ കഴിയുന്നവരുടെ വിസർജ്യ സാംപിൾ പരിശോധനാഫലവും വരണമെന്ന് അധികൃതർ പറഞ്ഞു.

അപകടകാരികളായ ബാക്ടീരിയ വളരാനുള്ള മീഡിയമായി പലപ്പോഴും മയോണൈസ് മാറുന്നുവെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു. സ്റ്റെറിലൈസ് ചെയ്യാത്ത മുട്ട മയോണൈസിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധനാഫലം വന്നാലേ കണ്ടെത്താനാകൂ. ഇതിനു 2 ദിവസത്തെ കാലതാമസം നേരിട്ടേക്കാം. 

മയോണൈസ് കൃത്യമായ താപനിലയ‍ിലല്ല സൂക്ഷിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പും. ഇത്തരം സാഹചര്യങ്ങളിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയ പെരുകാൻ സാധ്യതയേറെ. എപ്പോഴും എടുക്കാനുള്ള സൗകര്യത്തിനു ഹോട്ടലുകളിലെ മേശപ്പുറത്തു മയോണൈസ് മണിക്കൂറുകളോളം വയ്ക്കുന്ന പ്രവണത പലപ്പോഴും അപകടത്തിനു കാരണമായിട്ടുണ്ട്.

അൽഫാമും ഷവർമയും വേണ്ടത്ര വേവിച്ചില്ലെങ്കിൽ ബാക്ടീരിയ പെരുകാനുള്ള സാധ്യതയുമേറെ. ഭക്ഷ്യവിഷബാധയേറ്റാൽ വിഷപദാർഥങ്ങൾ കുടലിന്റെ ഉൾഭാഗത്തെ തീവ്രമായി ബാധിക്കും. കുടലിന്റെ ഉറപ്പ് ക്ഷയിക്കും. ശരീരത്തിലെ ജലാംശം അതിവേഗം പുറത്തേക്കു പോകും. നിർജലീകരണമുണ്ടാകും. 

അവയവങ്ങളിലേക്കു രക്തം ലഭിക്കാതാകും. വൃക്കയാണ് ആദ്യം അപകടത്തിലാകുക. ധാതുലവണങ്ങൾ നഷ്ടപ്പെടുമ്പോൾ ഹൃദയത്തെ ബാധിക്കും. പൊട്ടാസ്യത്തിന്റെ അളവു പെട്ടെന്നു കുറഞ്ഞു മരണംവരെ സംഭവിക്കാം.  അണുബാധ എല്ലാ അവയവങ്ങളിലേക്കും പടരാം. 

മയൊണൈസിലെ പച്ച മുട്ട:  മാർഗനിർദേശം ഉണ്ട്; കണ്ടുപിടിക്കാൻ മാർഗമില്ല
തിരുവനന്തപുരം ∙ മയൊണൈസ് തയാറാക്കാൻ പച്ച മുട്ട ഉപയോഗിക്കരുതെന്നു നിയമം ഉണ്ടെങ്കിലും അതു നടപ്പാക്കാത്ത ഹോട്ടലുകാരെ പിടികൂടാകാനാകാതെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ. 

കേടായ മയൊണൈസ് കഴിച്ചാൽ അതിസാരം മുതൽ മരണം വരെ സംഭവിക്കാം. അതിനാലാണു പച്ച മുട്ട മയൊണൈസിൽ ചേർക്കരുതെന്നു 2013 ജനുവരി 13നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. മുട്ട വാട്ടിയ ശേഷം ഉപയോഗിക്കണം.

നൂറു മുട്ടയിൽ 4 എണ്ണത്തിൽ അപകടകാരിയായ സാൽമൊണല്ല ബാക്ടീരിയ ഉണ്ടാകുമെന്നാണ് അനുമാനം. ഒരു മുട്ടയിൽ 2000 ബാക്ടീരിയ ഉണ്ടെങ്കിൽ ഒരു മണിക്കൂറിനകം അത് ഒരു കോടി വരെയായി പെരുകാം. മയൊണൈസ് ഏറെ സമയം സൂക്ഷിക്കുന്നതിനാൽ ബാക്ടീരിയയുടെ തോതും അതിവേഗം വർധിക്കും.

65 ഡിഗ്രി സെൽഷ്യസിൽ ചൂടുള്ള വെള്ളത്തിൽ 3 മിനിറ്റ് പച്ച മുട്ട ഇട്ടു വാട്ടിയാൽ സാൽമൊണല്ല നശിക്കും. നിയമം വന്നശേഷം പച്ച മുട്ട ഉപയോഗിക്കുന്ന ഹോട്ടലുകൾ 20% ആയി കുറഞ്ഞിട്ടുണ്ടെന്നാണു ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിന്റെ കണക്ക്. 

മറ്റുള്ളവർ വാട്ടിയ മുട്ട ചേർത്തുള്ള മയൊണൈസോ കടലയിൽ നിന്നു തയാറാക്കുന്ന വെജിറ്റബിൾ മയൊണൈസോ ആണു വിളമ്പുന്നത്. മുട്ട വാട്ടിയതാണോ അല്ലയോ എന്നു നിരീക്ഷണത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല.

പരിശോധിച്ചു കണ്ടുപിടിക്കാനാണെങ്കിൽ ഏറെ ചെലവും സമയവും വേണം. അതിനാൽ മയൊണൈസ് കഴിച്ച് ആർക്കെങ്കിലും അപകടം ഉണ്ടായാൽ അകത്താകുമെന്ന് ഹോട്ടൽ ഉടമകളെ ഓർമപ്പെടുത്താനേ ഉദ്യോഗസ്ഥർക്കു മാർഗമുള്ളൂ.

ഭക്ഷ്യ വിഷബാധയേറ്റു മരിച്ച വീട്ടമ്മയുടെ  മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ  വിട്ടു നൽകിയതു ഗുരുതര വീഴ്ച
മുളങ്കുന്നത്തുകാവ് ∙ പെരിഞ്ഞനത്തു ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്കു വിട്ടുനൽകിയതു ഗുരുതര വീഴ്ച. ഗുരുതരാവസ്ഥയിലായ നുസൈബയെ തിങ്കളാഴ്ച രാത്രി 10.25ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ വെന്റിലേറ്ററിലാക്കിയിരുന്നു. ഇന്നലെ പുലർച്ചെ 2.40ന് മരിച്ചു. ഡ്യൂട്ടി മെ‍ഡിക്കൽ ഓഫിസറുടെ ചുമതലയുണ്ടായിരുന്ന സീനിയർ റസിഡന്റായ വനിതാ ഡോക്ടർ മരണ വിവരം ബന്ധുക്കളെ അറിയിച്ചു. മരണം അസ്വഭാവികമായതിനാൽ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്നും അറിയിച്ചു.

എന്നാൽ, രോഗിക്കൊപ്പം ഉണ്ടായിരുന്നവർ വൈകാരികമായി പ്രതികരിക്കുകയും മൃതദേഹം ഉടനെ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മരണകാരണം സംബന്ധിച്ച അന്വേഷണങ്ങൾ നടന്നതോടെയാണു പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ലെന്ന വിവരം പുറത്തുവന്നത്. 

ചികിത്സാ യൂണിറ്റിന്റെ  ചുമതല വഹിച്ചിരുന്ന വകുപ്പു മേധാവിയോട് ആലോചിക്കാതെയാണു മൃതദേഹം നൽകിയതെന്നും രോഗിയുടെ മരണ വിവരം പൊലീസിനു കൈമാറിയില്ലെന്നും വിവരമുണ്ട്. സീനിയർ ഡോക്ടർമാർ ഇടപെടുകയും ബന്ധുക്കളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി പൊലീസിന്റെ സഹായത്തോടെ മൃതദേഹം തിരിച്ചെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു

മരണകാരണം പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിക്കണം. ഇതിനായി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചതായി മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com