‘പ്രചാരണത്തിനായി പ്രധാനമന്ത്രി നേരിട്ടുവന്നു, അപ്പോൾത്തന്നെ ഞാൻ ജയിച്ചില്ലേ...? ജയിച്ചില്ലെങ്കിലും സരസു തോറ്റിട്ടില്ല
Mail This Article
തൃശൂർ ∙ ‘‘എന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നേരിട്ടുവന്നു. അപ്പോൾത്തന്നെ ഞാൻ ജയിച്ചില്ലേ...?’’– ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു തിരഞ്ഞെടുപ്പു വിജയത്തെക്കാൾ സന്തോഷത്തിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10% ആണ് മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് ഇക്കുറി വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിക്കു കിട്ടിയത് 89,837 വോട്ട് ആയിരുന്നു. ഇക്കുറി സരസു നേടിയത് 1,88,230 വോട്ട്. ആകെ പോൾ ചെയ്തതിന്റെ 18.94%.
2016ൽ പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്നു പ്രിൻസിപ്പൽ ആയി വിരമിക്കെ എസ്എഫ്ഐ കുഴിമാടം ഒരുക്കി യാത്രയയപ്പു നൽകിയതിനെതുടർന്ന് വാർത്തകളിൽ നിറഞ്ഞ സരസു തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമായിട്ടായിരുന്നു. സരസുവിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ ഫോണിൽ വിളിച്ചു സംസാരിച്ചത് സ്ഥാനാർഥിയിലും അണികളിലും ഒരുപോലെ ആവേശം ഉണ്ടാക്കിയിരുന്നു. കുന്നംകുളത്തു പ്രചാരണ സമ്മേളനത്തിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നേരിട്ട് എത്തുകയും ചെയ്തു.
ആലത്തൂരിൽ ഇക്കുറി മറ്റു 2 മുന്നണി സ്ഥാനാർഥികളും പ്രചാരണം 2 റൗണ്ട് പിന്നിട്ടിട്ടാണു സരസുവിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത്. ‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറെ വൈകി എത്തിയ എനിക്ക് ഇത്രയും വോട്ട് നേടാനായത് കേരളം മാറ്റത്തിനു തയാറാണ് എന്നതിന്റെ സൂചനയാണ്. ബിജെപിക്ക് വോട്ട് തരാൻ ജനം റെഡിയാണ്. ചില ആസൂത്രണപ്പിഴവുകൾ പരിഹരിച്ച്, കഠിനാധ്വാനം ചെയ്താൽ കേരളത്തിലെ ഏതു മണ്ഡലത്തിലും ബിജെപിക്കു ജയിക്കാനാകും. അതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന പാഠം. ഇനി ബിജെപിയുടെ കാലമാണ്’’– സരസു പറയുന്നു.
2006ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 6.52% വോട്ടാണ് ബിജെപിക്കു ലഭിച്ചത്. തൊട്ടടുത്ത തവണ അത് 9.45% ആയി. മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷി ബിഡിജെഎസ് ആണു മത്സരിച്ചത്. ബിഡിജെഎസ് മണ്ഡലം വച്ചുമാറിയതോടെയാണ് ബിജെപി സ്ഥാനാർഥിയായി ടി.എൻ.സരസു എത്തിയത്. ഇപ്പോൾ, നാട്ടിക എസ്എൻ സ്വാശ്രയ കോളജിൽ പ്രിൻസിപ്പൽ ആയി ജോലി നോക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മന്ത്രി കെ.രാധാകൃഷ്ണൻ ജയിച്ചതോടെ ഒഴിവു വന്ന, പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അവിടെ എൻഡിഎ സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ സരസുവിന്റെ ഈ നേട്ടവും പരിഗണിക്കപ്പെടുമോ?