എന്നെ തോൽപിച്ചവർ മുരളീധരനെയും തോൽപിച്ചു: പത്മജ
Mail This Article
തൃശൂർ ∙ തന്നെ തോൽപിച്ചവർ തന്നെയാണു കെ.മുരളീധരനെയും കൂടെനിന്നു തോൽപിച്ചതെന്നു പത്മജ വേണുഗോപാൽ. മുരളിയേട്ടനു ഞാൻ മുന്നറിയിപ്പു കൊടുത്തതാണ്. ഒരുകാരണവശാലും തൃശൂരിലേക്കു വരരുതേ എന്നു പറഞ്ഞതാണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കു തൃശൂരിൽനിന്നു പോകേണ്ടിവന്നത്. ആ അനുഭവം തന്നെ മുരളിയേട്ടനും ഉണ്ടായെന്നും പത്മജ പറഞ്ഞു. ടി.എൻ.പ്രതാപൻ ഉൾപ്പെടെയുള്ളവരാണോ കാലുവാരിയതെന്ന ചോദ്യത്തിന് ‘ആ പേരു പറയാൻ പോലും തനിക്ക് മടിയാണ്’ എന്നായിരുന്നു മറുപടി.
മുരളീധരന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ പൂങ്കുന്നം മുരളീമന്ദരത്തിൽ മാധ്യമപ്രവർത്തകരോടു പത്മജയുടെ വാക്കുകളിങ്ങനെ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എന്നെ കൂടെനിന്നു തോൽപിച്ചവർ തന്നെയാണ് മുരളീധരനെ ഒളിച്ചിരുന്നു വീഴ്ത്തിയത്. തന്നെ തൃശൂരിൽ പിടിച്ചുകൊണ്ടുവന്നു കുഴിയിൽ ചാടിച്ചതാരാണെന്നു മുരളീധരൻ തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ കാലുവാരിയവരെ കാണാൻ നേരെ വണ്ടിയെടുത്ത് ഡിസിസി ഓഫിസിലേക്കു പോയാൽ മതി. അവരുടെയൊക്കെ പേരവിടെ എഴുതിവച്ചിട്ടുണ്ട്.
ഉമ്മ വയ്ക്കുകയും വിയർപ്പ് ഒപ്പുകയുമൊക്കെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. വേറെ ഉദ്ദേശ്യത്തോടെയാകരുതെന്നേയുള്ളൂ. കരുണാകരന്റെ കുടുംബത്തിനു തൃശൂർ രാശിയില്ലാത്ത സ്ഥലമൊന്നുമല്ല. അച്ഛൻ 35 വർഷം തൃശൂർ ജില്ലയിൽ നിയമസഭാംഗമായിരുന്നതല്ലേ. കോൺഗ്രസിലെ ചില ആളുകളാണ് ഇവിടെ കുഴപ്പം. കോൺഗ്രസിലെ അധികാരങ്ങൾ ഒരു കോക്കസിന്റെ കയ്യിലാണ്. അത്തരക്കാരെ വല്ല കപ്പലിലും കയറ്റിവിട്ടാലേ കോൺഗ്രസ് രക്ഷപ്പെടൂ. മുരളീധരനെ ബിജെപിയിലേക്കു ക്ഷണിക്കേണ്ട കാര്യമില്ല. അദ്ദേഹം ബുദ്ധിപൂർവം ആലോചിച്ചു തീരുമാനിക്കട്ടെ. കോൺഗ്രസ് വിടാനുള്ള എന്റെ തീരുമാനം തെറ്റിയില്ലെന്നതിൽ സന്തോഷമുണ്ട്.