ADVERTISEMENT

തൃശൂർ ∙ കെ. മുരളീധരന്റെ തോൽവിക്കു പിന്നാലെ നിലവിലെ എംപി ടി.എൻ.പ്രതാപൻ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർക്കെതിരെ ആഞ്ഞടിച്ച് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സംഘപരിവാർ ശക്തികൾക്കു സാംസ്കാരിക തലസ്ഥാനത്തിന്റെ നടതുറന്നു കൊടുത്തതിന്റെ ഉത്തരവാദിത്തം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപനുമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കാവ്യ രഞ്ജിത്ത്, സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോൻ തോമസ് തുടങ്ങിയവർ ആരോപിച്ചു.  മുരളീധരന്റെ തോൽവിക്കു കാരണം ഇവരുടെ പ്രവർത്തനങ്ങളാണ്. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കറെ വിളിച്ചുവരുത്തി അപമാനിക്കുകയാണു ജില്ലയിലെ കോൺഗ്രസ് നേതൃത്വം ചെയ്തത്. 

പച്ചമരത്തോട് ഇങ്ങനെ ചെയ്തെങ്കിൽ ഉണക്കമരത്തോട് എന്താകും ചെയ്യുക? തങ്ങൾക്കുശേഷം പാർട്ടി വേണ്ടെന്ന തരത്തിലാണ് ഈ നേതാക്കളുടെയും അവരുടെ മൂടുതാങ്ങികളുടെയും പ്രവർത്തനം. ടി.എൻ.പ്രതാപൻ നിയമസഭാമോഹം മനസ്സിൽ കൊണ്ടുനടന്നു പാർലമെന്റ് മണ്ഡലം അനാഥമാക്കി. പാർട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം കെപിസിസി, എഐസിസി നേതൃത്വം ഏറ്റെടുക്കണം. ജില്ലയിൽ പാർട്ടിയിൽ തിരുത്തൽ നടപടി ആവശ്യപ്പെട്ട് എഐസിസി, കെപിസിസി നേതൃത്വത്തിനു പരാതി നൽകിയെന്നും ഇവർ പറഞ്ഞു. ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ എന്നിവർക്കെതിരെ ഇന്നലെ രാവിലെ ഡിസിസി ഓഫിസ് മതിലിൽ ചിലർ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.

‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ജോസ് വള്ളൂർ രാജിവയ്ക്കുക’ എന്നിങ്ങനെയുള്ള പോസ്റ്ററുകൾ കോൺഗ്രസ് ലവേഴ്സ് എന്ന കൂട്ടായ്മയുടെ പേരിലായിരുന്നു. രാവിലെ പ്രവർത്തകരെത്തി പോസ്റ്റർ കീറിമാറ്റിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. വടകരയിൽ ജയം ഉറപ്പായിരുന്ന കെ.മുരളീധരനെ നിർബന്ധിച്ചു തൃശൂരിലെത്തിച്ചു തോൽപിച്ചെന്ന മട്ടിൽ കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് അനുകൂല വാട്സാപ് ഗ്രൂപ്പുകളിൽ വിമർശനമുയർന്നിരുന്നു.ഫലപ്രഖ്യാപനത്തിനുശേഷം പാർട്ടിയെ വിമർശിക്കുന്ന യുവാക്കളും മുതിർന്നവരുമായ നേതാക്കൾ, തങ്ങളുടെ സ്വന്തം ബൂത്തുകളിൽ കോൺഗ്രസിനെ മുന്നിലെത്തിക്കാൻ സാധിച്ചോയെന്നു വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com