എന്നു തീരും ഈ ദുരിതം? ചിറയ്ക്കൽ–കാട്ടകാമ്പാൽ റോഡ് നവീകരണം പാതിവഴിയിൽ

Mail This Article
കാട്ടകാമ്പാൽ ∙ നവീകരണം പാതിവഴിയിൽ നിലച്ച ചിറയ്ക്കൽ–കാട്ടകാമ്പാൽ റോഡ് യാത്രക്കാരെ വലയ്ക്കുന്നു. ചിറയ്ക്കൽ സെന്റർ മുതൽ കൊണ്ടടക്കടവ് വരെയുള്ള രണ്ടര കിലോമീറ്റർ റോഡ് നവീകരിക്കാൻ 4 വർഷം മുൻപു സർക്കാർ പണം അനുവദിച്ചിരുന്നു. റോഡിന്റെ നാലു ഭാഗങ്ങളിൽ കലുങ്കുകളും കുറച്ചു ഭാഗത്തു കാനയും നിർമിച്ചെങ്കിലും ടാറിങ് നടത്തിയില്ല. നവീകരണത്തിനു കൊണ്ടുവന്ന ക്വാറി പൊടിയും മറ്റും റോഡരികിൽ കൂട്ടിയിട്ടു വർഷം പിന്നിട്ടു. ചിറക്കുളം മുതൽ അമ്പലനട വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി കുറവാണു നവീകരണം വൈകാൻ ഇടയാക്കിയത്. വീതി കുറവുള്ള ഈ ഭാഗത്തു മഴവെള്ളം ഒഴുകിയെത്തി വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിക്കാൻ ആലോചിച്ചിരുന്നു. വീതി കുറഞ്ഞ റോഡിൽ കാന കൂടി നിർമിച്ചാൽ ഗതാഗതത്തിനു കൂടുതൽ തടസ്സമാകുമെന്ന അവസ്ഥയിലായി.
ഇതിനു പരിഹാരം തേടി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡരികിലെ സ്ഥലമുടമകളോടു സ്ഥലം വിട്ടുനൽകാൻ അഭ്യർഥിച്ചെങ്കിലും ഫലം ഉണ്ടായില്ല. പ്രദേശത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ റോഡ് അളന്നെങ്കിലും കണ്ടെത്താനായില്ല. ഇതോടെ റോഡു നവീകരണം വൈകി. ഇതിനിടെ ജലജീവൻ പദ്ധതിക്കു പൈപ്പിടാനായി 4 മാസം മുൻപു റോഡ് പൊളിച്ചതോടെ യാത്രാക്ലേശം രൂക്ഷമായി. പൈപ്പിട്ട ഭാഗത്തു ടാറിങ് നടത്തിയെങ്കിലും പഴയ റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ നിലയിലായി. പുതുതായി നിർമിച്ച കല്ലുങ്കിനു സമീപത്തെ റോഡിന്റെ നിരപ്പു വ്യത്യാസവും ഇരുചക്ര വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടായി. തർക്കങ്ങൾ പരിഹരിച്ച് റോഡ് നവീകരിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.