കൈസർ ഇപ്പോൾ അരുമയാണ്; ഈ പമ്പിന്റെ കാവലാളും
Mail This Article
ആളൂർ ∙ കൊമ്പൊടിഞ്ഞാമാക്കൽ തോംസൺ ഫ്യുവൽസിൽ നാലു വർഷം മുൻപ് അതിഥിയായെത്തിയ തെരുവുനായ ഇന്നു പമ്പു ജീവനക്കാരുടെ അരുമയും രാത്രിയിൽ കാവലാളുമാണ്. കൈസർ എന്ന വിളികേട്ടാൽ പമ്പിലെ ഇരുമ്പ് ഏറുമാടത്തിൽ നിന്നിറങ്ങി വന്ന് അനുസരണയോടെ ബിസ്കറ്റും മധുര പലഹാരങ്ങളും കഴിക്കും. ഇന്ധനം നിറക്കാനെത്തുവരും കൈസറിന് മധുരപലഹാരങ്ങൾ നൽകുന്നതു കാണാം. വിശന്നാൽ ജീവനക്കാരായ സുരേന്ദ്രന്റെയും രവീന്ദ്രന്റെയും ഷാന്റോയുടെയും ദേഹത്തുരുമ്മി നിൽക്കുമെന്നും ഇവർ പറയുന്നു.
രാത്രി വെളുക്കുവോളം സെക്യൂരിറ്റി ഗാർഡായ സുരേന്ദ്രന് കൂട്ടായിരിക്കും. 10 ന് ശേഷം പമ്പിലേക്ക് വാഹനങ്ങൾ കയറ്റാതിരിക്കാൻ കയർ വലിച്ചു കെട്ടിയാൽ ഒരാളെപ്പോലും പമ്പിനകത്ത് കയറാൻ സമ്മതിക്കില്ലെന്നും ഇവർ പറയുന്നു. ഇതുവരെ ഒരാളെപ്പോലും ഉപദ്രവിച്ചിട്ടുമില്ല. ഒരു മാസം മുൻപാണ് വലതു കയ്യിൽ ഏതോ വാഹനം കയറിയതിനെത്തുടർന്ന് മാരകമായി പരുക്കേറ്റ് ചോര വാർന്നൊലിക്കുന്നത് അതുവഴി പോയ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സന്ധ്യ നൈസൻ കണ്ടത്.
നായയുടെ ദയനീയാവസ്ഥ കണ്ട് മാള മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ച് ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. കൈസറിനെ മൃഗാശുപതിയിലെത്തിക്കാൻ രവീന്ദ്രനും സുരേന്ദ്രനും ഷാന്റോയും തയാറായി. ഏഴു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം പമ്പിലെത്തി ചികിത്സ തുടർന്നു. നടക്കുമ്പോൾ കൈക്കു വേദനയുണ്ടെങ്കിലും ഉഷാറായി അനുസരണയോടെ എല്ലായിടത്തും എത്തുന്നുണ്ട്.