ADVERTISEMENT

തൃശൂർ ∙ ‘ബൂത്തു പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു. നടുവൊടിച്ചു. ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷം’–ഒരേ സമയം ശാസനയും നർമവും കലർത്തി പാർട്ടി പ്രവർത്തകർക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചാട്ടുളി പ്രയോഗം.  ഒരു മണ്ഡലത്തിലും ഒരു പഞ്ചായത്തിലും ഞാൻ വരില്ല. ആർക്കൊക്കെ വാക്കുകൊടുത്തോ ഏതൊക്കെ വീടുകളിൽച്ചെന്ന് ഉറപ്പുകൊടുത്തോ അവരെക്കൊണ്ട് നിങ്ങളെ തല്ലിക്കുന്ന രീതിയിലാക്കും. അതുകൊണ്ടു പണിയെടുക്കണം. കേന്ദ്ര നേതൃത്വത്തിന്റെ  21 ഇന പട്ടികയിൽ ഓരോന്നും എന്തായെന്നു ചോദിക്കുമ്പോൾ നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. അവരോടു വീട്ടിലേക്കു മടങ്ങിപ്പോകാൻ വരെ  കേന്ദ്രനേതൃത്വം പറഞ്ഞു.

ഇപ്പോൾ പണിയെടുക്കേണ്ടതു രാഷ്ട്രീയ വളർച്ചയ്ക്കല്ല. രാഷ്ട്രീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ നിർവഹിക്കാൻ വേണ്ടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വരികയാണ്. ഇവിടേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ സമവായം ഉണ്ടാക്കണം. പിന്നെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. 7 മണ്ഡലങ്ങളിലും ഞാൻ വരും. കേന്ദ്രമന്ത്രിയെന്ന നേട്ടത്തിൽ നിങ്ങൾ സന്തോഷിച്ചോളൂ. അതുകൊണ്ടു നിങ്ങൾക്കൊരുപാടു നഷ്ടങ്ങളുണ്ടാകും. പണ്ടത്തെപ്പോലെ ഒരിക്കലും എന്നെ കിട്ടാൻ സാധ്യതയില്ല’–തമാശരൂപേണ സുരേഷ് ഗോപി പറഞ്ഞു. ബിജെപി തൃശൂർ നിയോജകമണ്ഡലംതല സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

‘ഉരച്ചുനോക്കാൻ നടന്നവരൊക്കെ ഇപ്പോൾ എവിടെയാണ്. ഉരയ്ക്കണമെങ്കിൽ എന്റെ ഹൃദയം എടുത്തുകൊടുക്കാം, ഉരയ്ക്കട്ടെ’– ലൂർദ് മാതാവിനു സമർപ്പിച്ച സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പു സമയത്തു വലിഞ്ഞുനടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറുതെയായില്ലേ എന്ന് സഹ സ്ഥാനാർഥി സഹോദരനോടു ചോദിച്ചു. ചേട്ടനെന്നു വിളിക്കുന്ന ആളുടെ ചോദ്യം വല്ലാതെ വേദനിപ്പിച്ചു. അത്രത്തോളം അവഹേളനം സഹിച്ചു. തൻകാലിൽ തന്റെ പാർട്ടിക്കു ബലമുണ്ടാക്കണമെന്നും സിനിമാതാരത്തിന്റെ പേരിലല്ല എന്നു സ്ഥാപിക്കുന്ന പ്രവർത്തനം 5 വർഷം കൊണ്ടു കാഴ്ചവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.ആർ.ഹരി, ജസ്റ്റിൻ, സെക്രട്ടറി റോഷൻ, മധ്യമേഖല പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന ട്രഷറർ സത്യലക്ഷ്മി, മധ്യമേഖല സെക്രട്ടറി രവികുമാർ ഉപ്പത്ത് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com