ഇന്ദിര ഭാരത മാതാവ്, കരുണാകരൻ കേരള പിതാവ്: സുരേഷ് ഗോപി

Mail This Article
തൃശൂർ ∙ ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡർ കെ. കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു സുരേഷ് ഗോപിയുടെ പ്രതികരണം. ധീരനായ ഭരണകർത്താവെന്ന നിലയിൽ ലീഡറിനോടു തീർച്ചയായും ആരാധനയുണ്ട്. ഇന്ദിരാഗാന്ധിയെന്ന ദീപസ്തംഭം ലീഡറിലൂടെ കേരളത്തിനു നന്മയായി ഭവിച്ചതിനു ശേഷം ഒ. രാജഗോപാലിനു മാത്രമാണ് അതിനടുത്തെങ്കിലും ചെയ്യാനായത്. ലീഡറുടെ ഭാര്യയെ അമ്മ എന്നാണു ഞാൻ വിളിക്കുന്നത്. കേന്ദ്രമന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ടുള്ള ഗുരുത്വം നിർവഹിക്കാനാണു സ്മൃതികുടീരത്തിലെത്തിയത്. ഇതിലൊന്നും രാഷ്ട്രീയമാനം കാണേണ്ടതില്ല.
തൃശൂരിനും തമിഴ്നാടിനും ലഭിക്കുന്ന അനുഗ്രഹമാണ് എന്റെ മന്ത്രിപദവി. 2019ൽ തൃശൂരിൽ സ്ഥാനാർഥിയായപ്പോൾ മുരളീമന്ദിരത്തിൽ വന്നോട്ടെ എന്നു പത്മജയോടു ചോദിച്ചിരുന്നു. തന്റെ പാർട്ടിക്കാരോട് എന്തുപറയുമെന്ന കാരണത്താൽ പത്മജ അന്നതു വേണ്ടെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് എത്തിയത്. അതു തടയാൻ കെ. മുരളീധരനോ മറ്റാർക്കെങ്കിലുമോ കഴിയില്ല. വികസനത്തിൽ പ്രാദേശികവാദം വേണ്ടെന്നാണ് അഭിപ്രായം. പരിസ്ഥിതിയെ നശിപ്പിക്കുന്ന കെറെയിൽ ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജ വേണുഗോപാൽ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി, സെക്രട്ടറി റോഷൻ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് എന്നിവരും സുരേഷ് ഗോപിയെ അനുഗമിച്ചു.
ലൂർദ് പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ച് സുരേഷ്ഗോപി
ലൂർദ് പള്ളിയിലെത്തിയ സുരേഷ്ഗോപി മാതാവിനു സ്വർണക്കൊന്തയും പൂമാലയും ചാർത്തി. തിരഞ്ഞെടുപ്പു വിജയത്തിനു നന്ദിയർപ്പിച്ച് ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനവും അദ്ദേഹം പള്ളിയിൽ ആലപിച്ചു. സുരേഷ് ഗോപി തന്നെ പാടി മുൻപു യൂട്യൂബിൽ റിലീസ് ചെയ്ത ഗാനമാണിത്. തിരഞ്ഞെടുപ്പിനു മുൻപു മകൾ ഭാഗ്യയുടെ വിവാഹവേളയിൽ സകുടുംബം ലൂർദ് പള്ളിയിലെത്തി സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചതിനു പിന്നാലെ രാഷ്ട്രീയ എതിരാളികൾ ആരോപണങ്ങളുയർത്തിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും പള്ളിയിലെത്തുമെന്നായിരുന്നു അന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വികാരി ഫാ. ഡേവീസ് പുലിക്കോട്ടിലും മാനേജിങ് ട്രസ്റ്റി ജോബി കെ. കുഞ്ഞാപ്പുവും അടക്കമുള്ളവർ ചേർന്നു കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. വൻ ജനാവലി പള്ളിയുടെ പരിസരത്തു കാത്തുനിന്നിരുന്നു. മാതാവിനു മുന്നിലെത്തി സുരേഷ് ഗോപി സ്വർണക്കൊന്ത ചാർത്തി. അടിപ്പള്ളിയിലെത്തി കുരിശുവരച്ചു പ്രാർഥിച്ചു. നന്ദി എന്നു പറയുന്നതു ഹൃദയത്തിലാണുള്ളതെന്നും ഉൽപ്പന്നങ്ങളിലല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുട്ടുകുത്തി നമസ്കരിച്ച ശേഷമാണ് അദ്ദേഹം പള്ളിയിൽ നിന്നു മടങ്ങിയത്.