ചീരക്കുഴി, അഥവാ അനാസ്ഥയുടെ പടുകുഴി: പ്രളയത്തിൽ തകർന്ന റെഗുലേറ്റർ പരിസരം പുനർനിർമിച്ചില്ല

Mail This Article
പഴയന്നൂർ ∙ 2019 ൽ വെള്ളം കയറിയപ്പോൾ തകർന്ന ചീരക്കുഴി റഗുലേറ്റർ പരിസരത്ത് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയില്ല. ഗായത്രിപ്പുഴയിലെ റഗുലേറ്ററിനു സമീപം വിരിച്ച കരിങ്കല്ലുകൾ ഒഴുകിപ്പോയ നിലയിലാണ്. കഴിഞ്ഞ ദിവസം, പരിസരത്തെ ഗർത്തങ്ങളിലൊന്നിൽ വീണ് യുവതിക്കു പരുക്കേറ്റിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ ഇവിടെ വരുന്നു. വലിയ ഗർത്തത്തിനു സമീപത്തെ ഇടുങ്ങിയ കരിങ്കൽ കെട്ടുകൾക്കു മുകളിലൂടെ വേണം പുഴയോരത്ത് എത്താൻ. ഇവിടെ നിന്നു പുഴ കാഴ്ചകൾ ആസ്വദിച്ചിരുന്ന ഇടങ്ങളെല്ലാം പ്രളയ ശേഷം വലിയ കുഴികളായി. മണ്ണിട്ടു നികത്തിയാൽ തൽക്കാലത്തേക്കെങ്കിലും പ്രശ്നം പരിഹരിക്കാം. പ്രളയത്തിൽ തകർന്ന ഷട്ടറുകളുടെ പുനർ നിർമാണ സമയത്തു ബാക്കിയായ ഇരുമ്പു സാമഗ്രികൾ ഇനിയും നീക്കം ചെയ്തില്ല. സന്ദർശകർക്കു വഴികാട്ടാൻ ഒരു ബൾബെങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.

തകർന്ന റോഡ്
റഗുലേറ്ററിലേക്കുള്ള റോഡിലെ കുഴികൾ മൂലം യാത്ര ദുരിതമാണ്. എംഎൽഎ ഫണ്ടിലെ 10 ലക്ഷം വിനിയോഗിച്ചു റോഡിന്റെ പകുതി നീളം ടാർ ചെയ്തെങ്കിലും ബാക്കി ഭാഗത്ത് യാത്ര ദുഷ്കരമാണ്. എംഎൽഎ ഫണ്ടിൽ നിന്ന് 10 ലക്ഷം കൂടി അനുവദിക്കാമെന്ന് ഉറപ്പു നൽകിയതിനാലാണു പഞ്ചായത്ത് ഫണ്ട് വകയിരുത്താഞ്ഞതെന്നു പഞ്ചായത്ത് അംഗം എ.സൗഭാഗ്യവതി പറഞ്ഞു.
ആരോട് പറയാൻ?
ചീരക്കുഴി റഗുലേറ്ററിന്റെ ചുമതല ജലവിഭവ വകുപ്പിനാണ്. ഇവിടെ ഓഫിസും ജീവനക്കാരും ഉണ്ടെങ്കിലും ഏകോപന ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയറുടെ തസ്തികയിൽ ഒരു വർഷത്തോളമായി ആളില്ല. ചെറുതുരുത്തിയിലെ എൻജിനീയർക്കാണു ചുമതല.
ലഹരിത്താവളം?
ഗുലേറ്റർ പരിസരത്തു രാപകൽ ഭേദമില്ലാതെ സാമൂഹിക വിരുദ്ധ ശല്യവുമുണ്ട്. ലഹരി ഉപയോഗിക്കുന്നവർ മിക്കപ്പോഴും ഇവിടെ താവളമാക്കുന്നതായി നാട്ടുകാർ പറയുന്നു.