ADVERTISEMENT

പാവറട്ടി/തൃപ്രയാർ ∙ തൃശൂരിനു സമ്മാനമായി നാട്ടികയിൽ മിനി ഫിഷിങ് ഹാർബർ കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനായി 3 കാര്യങ്ങളാണ് പ്രഥമ പരിഗണനയിലൂള്ളത്. അതിലൊന്നാണ് നാട്ടികയിലെ മിനി ഫിഷിങ് ഹാർബർ. എൻഡിഎ മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ പരിഗണനയിലുള്ള മറ്റൊന്ന് എയിംസാണ്. അത് കേരളത്തിൽ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുന്നതിനായി ശ്രമിക്കും. റെയിൽവേ വികസനമാണ് മൂന്നാമത്തെ കാര്യം. റെയിൽവേ ലൈനുകളുടെ എണ്ണം കൂട്ടാതെ നിലവിലെ യാത്രാക്ലേശത്തിന് പരിഹാരമാകില്ല. 

കേരള സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാൻ തയാറായാൽ മറ്റുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ കഠിന പരിശ്രമം നടത്തുമെന്നും കൊച്ചി മെട്രോ തൃശൂരിലേക്കു നീട്ടുന്നതുൾപ്പെടെയുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പെട്രോൾ പമ്പുകൾ തോറും സ്ത്രീ സൗഹൃദ ശുചിമുറി സമുച്ചയവും ചായയും ലഘു ഭക്ഷണവും ലഭിക്കുന്ന രീതീയിൽ ടീ ഷോപ്പുകളും പൊതുജനങ്ങൾക്ക് കൂടി  ഉപകാരപ്പെടുന്ന രീതിയിൽ സജ്ജീകരിക്കുവാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടാവുന്ന തരത്തിൽ അംഗബലം വർധിപ്പിക്കുന്നതിലേക്ക് പാർട്ടി വളരണമെന്ന് സുരേഷ്ഗോപി ഏങ്ങണ്ടിയൂരിലെ സ്വീകരണയോഗത്തിൽ പറഞ്ഞു.

 ഇനി 2 വർഷം തിരഞ്ഞെടുപ്പ് പ്രചാരണമാണു നടത്തേണ്ടത്. അടുത്ത വർഷം സെമിഫൈനലാണ്. അവിടെ കിട്ടുന്ന ഫലമായിരിക്കും ഉത്തേജക മരുന്ന്. 140 മണ്ഡലത്തിലേക്കും വളരണം. കേരളത്തിലെ ജനങ്ങൾ പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുന്നു. ഇനി ബിജെപിയുടെ ഉത്തരവാദിത്തം പ്രാപ്തി വർധിപ്പിക്കലാണ്. അത് സാധിച്ചാൽ നമ്മൾ വേണ്ടെന്നു വച്ചാലും ജനങ്ങൾ വിടില്ല– സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എൻഡിഎ വിജയിച്ചതിന്റെ മഹത്വം അറിഞ്ഞത് ഡൽഹിയിൽ എത്തിയപ്പോഴായിരുന്നെന്ന് സുരേഷ്ഗോപി ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ നടത്തിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു. മുഴുവൻ സീറ്റുകളിലും ബിജെപി വിജയിച്ച സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ 20ൽ ഒരു സീറ്റ് നേടിയതിന്റെ മഹത്വം നേരിട്ടറിഞ്ഞു.പാവറട്ടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനനും ഏങ്ങണ്ടിയൂരിൽ ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജുവും തൃപ്രയാറിൽ മണ്ഡലം പ്രസിഡന്റ് ഇ.പി.ഹരീഷും ഇരിങ്ങാലക്കുടയിൽ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയും അധ്യക്ഷത വഹിച്ചു. 

വിവിധ യോഗങ്ങളിലായി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത, ജസ്റ്റിൻ ജേക്കബ്, കെ.ആർ.അനീഷ്, വി.ഉണ്ണികൃഷ്ണൻ, കെ.എസ്.ധനീഷ്, സുധീർ വാക, സുധീഷ് മേനോത്തുപറമ്പിൽ, സർജു തൊയക്കാവ്, സുജിത്ത് പാണ്ടാരിക്കൽ, പ്രവീൺ പറങ്ങനാട്ട്, ബിജു പാലുവായ്, മനോജ് മാനിന, സന്തോഷ് പണിക്കശേരി, എം.ആർ,വിശ്വൻ, പ്രേമൻ നമ്പിയത്ത്, സബീഷ് മരുതയൂർ, വത്സൻ മുളക്കൽ, ശിവൻ പഴഞ്ചേരി, മിഥുൻ ഇയ്യാനി, പി.കെ.ബാബു, കെ.ആർ.ഹരി, അതുല്യഘോഷ്, ലോചനൻ അമ്പാട്ട്, പൂർണിമ സുരേഷ്, എൻ.കെ.ചന്ദ്രശേഖരൻ, എ.ആർ.അജിഘോഷ്, കവിതാ ബിജു, പി.എസ്.സുബീഷ്, ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, എ.വി.രാജേഷ്, വിപിൻ പാറമേക്കാട്ടിൽ, സന്തോഷ് ചെറാക്കുളം, കെ.സി. വേണു എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടനമാണോ..? എങ്കിൽ സിനിമാതാരം; പ്രതിഫലവുംവാങ്ങും: കേന്ദ്രമന്ത്രി സുരേഷ് ഗോപി 
ഉദ്ഘാടനത്തിനു വിളിച്ചാൽ പോകുക, എംപി ആയിട്ടല്ല, സിനിമാ നടനായിട്ടായിരിക്കുമെന്നും അതിനു പ്രതിഫലം വാങ്ങുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ കിട്ടുന്ന പ്രതിഫലം വിനിയോഗിക്കുക കാരുണ്യപ്രവർത്തനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഏങ്ങണ്ടിയൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവെയാണ് കേന്ദ്രമന്ത്രി നയം വ്യക്തമാക്കിയത്. താൻ ഇനിയും സിനിമാരംഗത്തുണ്ടാകും. അതിന്റെ പ്രതിഫലത്തിൽനിന്നു കാരുണ്യപ്രവർത്തനം നടത്തും. ഉദ്ഘാടനങ്ങൾക്ക് എംപി എന്ന നിലയിൽ വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളിൽനിന്ന് നിവേദനം താൻ നേരിട്ട് സ്വീകരിക്കില്ലെന്ന് മറ്റൊരു സ്വീകരണയോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. നിവേദനങ്ങൾ സ്വീകരിക്കുന്നതിനും കേരളത്തിലെ തന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി സംസ്ഥാനത്തെ 4 മേഖലകളാക്കി തിരിച്ച് ഒരോരുത്തർക്ക് ചുമതല നൽകിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും എടുത്ത നടപടികൾ അവർ സമയബന്ധിമായി പരാതിക്കാരെ അറിയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ഉൾപ്പെടുന്ന മേഖലയിൽ ഇതിനായി രഘുനാഥ് സി.മേനോനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com