ADVERTISEMENT

തൃശൂർ∙ ഓഹരി ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പരസ്യത്തിന്റെ കെണിയിൽപ്പെട്ട് 19 ലക്ഷം നഷ്ടപ്പെട്ട കുറ്റുമുക്ക് സ്വദേശി പൊലീസിൽ പരാതി നൽകി. ദീർഘകാലമായി ഓഹരിവിപണിയിൽ സജീവമായ ആളാണ് ഇദ്ദേഹം. പരസ്യത്തിലെ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ 8187078805 എന്ന നമ്പറിലുള്ള വാട്സാപ് നമ്പറിൽനിന്നു ട്രേഡിങ് തന്ത്രങ്ങൾ പറഞ്ഞുതരാമെന്നു പറഞ്ഞ് വിനിത രജ്പുത് എന്നു പരിചയപ്പെടുത്തിയയാൾ ബന്ധപ്പെടുകയായിരുന്നു. ‘ലസാർഡ് അസെറ്റ് മാനേജ്മെന്റ്’ എന്ന കമ്പനിയുടെ അധികാരികൾ ആണെന്നാണ് തട്ടിപ്പുകാർ വാട്സാപ് മുഖേന ബന്ധപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത്. 

ഓഹരിവിപണി കേന്ദ്രീകരിച്ച് യുകെയിൽ ഇങ്ങനെയൊരു കമ്പനി പ്രവർത്തിക്കുന്നതായി ഇദ്ദേഹം പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്തു. ആദ്യഘട്ടത്തിൽ തട്ടിപ്പുകാർ പറഞ്ഞുകൊടുത്ത ദൈനംദിന ട്രേഡിങ് നിർദേശങ്ങൾ എല്ലാം വളരെ കൃത്യമായതിനാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ഇദ്ദേഹം പൂർണമായും വിശ്വസിച്ചു. ഗ്രൂപ്പിൽ തുടരാൻ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ സ്വകാര്യ നമ്പറിലേക്ക് ലാഭം തരുന്ന ദൈനംദിന ഓഹരികളെക്കുറിച്ച് അറിയിപ്പ് ലഭിച്ചുതുടങ്ങി. 

അവർ നൽകിയ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഇടപാടു നടത്തിയ ഇദ്ദേഹത്തിന്റെ 19 ലക്ഷം രൂപ മേയ് 23 മുതൽ ജൂൺ 28 വരെ 9 തവണയായി പല അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു. സുഹൃത്തിൽനിന്നു കടം വാങ്ങിയാണ് ഇതിൽ 5 ലക്ഷം കൊടുത്തത്. ഇതുവരെ ലാഭമോ മുതൽമുടക്കോ തിരിച്ചുകിട്ടിയിട്ടില്ല.വ്യാജ കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം, 19 ലക്ഷം മുതൽമുടക്കിയ ഇദ്ദേഹം 3.5 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു രേഖ. എന്നാൽ ഈ തുക പിൻവലിക്കാൻ നോക്കിയപ്പോൾ, 10% നികുതി യുകെയിൽ അടച്ചാൽ മാത്രമേ പിൻവലിക്കാനാകൂ എന്ന അറിയിപ്പാണു ലഭിച്ചത്.

 ഇതടച്ചാൽ ലാഭത്തുക അക്കൗണ്ടിൽ വരുമ്പോൾ ഇന്ത്യൻ നികുതിയിൽനിന്ന് ഒഴിവാകാനാകുമെന്നും പറഞ്ഞു. ഈ ഘട്ടത്തിൽ സംശയം തോന്നി, ട്രേഡിങ്ങുകാർ നേരത്തേ പറഞ്ഞിരുന്ന ബെംഗളൂരു വിലാസത്തിൽ ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെയൊരു ഓഫിസ് ഇല്ലെന്നാണു വ്യക്തമായത്. തുടർന്ന് ലണ്ടനിൽ പഠിക്കുന്ന മകൾ വഴി യുകെയിലെ ലസാർഡ് അസെറ്റ് മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടു. തങ്ങളുടെ പേരിൽ ഇത്തരം തട്ടിപ്പു നടക്കുന്നതായി ധാരാളം പരാതികൾ വരുന്നുണ്ടെന്നും എന്നാൽ മറ്റൊരു രാജ്യത്തായതിനാൽ നിസ്സഹായരാണെന്നും അവർ അറിയിക്കുകയായിരുന്നു. അതോടെയാണു സൈബർ പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com