പുതുക്കിപ്പണിയുന്ന ട്രഷറികളിൽ ചാലക്കുടി ഇല്ല; പരിശോധിക്കാമെന്നു മാത്രം ധനമന്ത്രിയുടെ മറുപടി

Mail This Article
ചാലക്കുടി ∙ നിയമസഭയിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ചോദിച്ചു: ‘സർ, ചാലക്കുടിയിലെ സബ് ട്രഷറി വർഷങ്ങളായി ചോരുന്നു. പുതുക്കി പണിയാമോ? മറുപടി നൽകിയതു ധനമന്ത്രി കെ.എൻ.ബാലഗോപാലാണ്. സംസ്ഥാനത്ത് ഇരുപതോളം സബ് ട്രഷറികൾ പുതുക്കി പണിയുന്നുണ്ട്. ചാലക്കുടിയുടെ കാര്യം പരിശോധിക്കാം. ബജറ്റിൽ സബ് ട്രഷറി മന്ദിരം നിർമിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നിർമാണം ആരംഭിക്കുന്ന കാര്യത്തിൽ ഒരുറപ്പും മന്ത്രി നിയമസഭയിൽ നൽകിയില്ല. സബ് ട്രഷറി മന്ദിരം ജീർണാവസ്ഥയിലായിട്ടു പതിറ്റാണ്ടിലേറെ ആയെങ്കിലും പുനർനിർമാണത്തിനു നടപടിയില്ലാത്തതു പ്രതിഷേധത്തിനു കാരണമായിരുന്നു.
പെൻഷൻ ആവശ്യങ്ങൾക്കും മറ്റുമായി വയോധികരടക്കം കയറിയിറങ്ങുന്ന ഓഫിസിന്റെ കെട്ടിടമാണു കാലപ്പഴക്കം കൊണ്ടു പുനർനിർമിക്കേണ്ട സ്ഥിതിയിലുള്ളത്. ഓരോ വർഷവും ബജറ്റിൽ സബ് ട്രഷറി മന്ദിരം പുതുക്കി നിർമിക്കുമെന്നു പ്രഖ്യാപനം ഉണ്ടാകാറുണ്ടെങ്കിലും നടപടികൾ കടലാസിൽ കുരുങ്ങി കിടക്കുകയാണ്. നേരത്തെയുണ്ടായ ചോർച്ച മുകളിൽ ട്രസ് മേഞ്ഞാണു പരിഹരിച്ചത്. ആ ട്രസ് മേൽക്കൂരയിലും ഓട്ടകൾ വീണിട്ടും പുതിയ കെട്ടിടത്തിനു നടപടിയില്ല. പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ കുറഞ്ഞതു ഒന്നര കോടി രൂപയെങ്കിലും ചെലവു വരും. നേരത്തേ കെട്ടിടം പൊളിച്ചു പുതിയതു നിർമിക്കണമെന്ന പദ്ധതി നിർദേശം സമർപ്പിച്ചെങ്കിലും നടപ്പായില്ല.
മജിസ്ട്രേട്ട് കോടതിയിൽ നിന്നുള്ള സ്വർണം ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള ചെസ്റ്റ് ലോക്കർ സബ് ട്രഷറിയിലുണ്ട്. ഇവ മാറ്റാത്തതാണു കെട്ടിടം പൊളിക്കുന്നതിനു പ്രധാന തടസ്സമെന്നാണ് ആദ്യം അധികൃതർ അറിയിച്ചിരുന്നത്. കോടതിയുടെ പുതിയ കെട്ടിട സമുച്ചയം നിർമിച്ചു ഇവ മാറ്റിയ ശേഷമാകും ട്രഷറിയുടെ കെട്ടിടം പൊളിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാൽ ഇനിയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടിയുണ്ടാകൂ എന്ന മന്ത്രിയുടെ പ്രസ്താവന നിർമാണം വൈകുമെന്ന സൂചനയാണു നൽകുന്നത്.