വിശന്നിരിക്കുന്നവരില്ലാത്ത നഗരം; ‘മന്ന’ പദ്ധതിക്ക് ഒരു വയസ്സ്
Mail This Article
തൃശൂർ ∙ വിശന്നിരിക്കുന്നവരില്ലാത്ത നഗരമെന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ്ബുകൾ ചേർന്ന് ആവിഷ്കരിച്ച ‘മന്ന ഹംഗർ ഫ്രീ സിറ്റി’ പദ്ധതിക്ക് ഒരു വയസ്സ്. ശക്തൻ നഗറിൽ കോർപറേഷന്റെ നേതൃത്വത്തിലൊരുക്കിയ പന്തലിൽ ദിവസവും 11.30 മുതൽ ഭക്ഷണം വിളമ്പുന്നു. അഞ്ഞൂറോളം പേർ പന്തലിലെത്തി ദിവസവും ഭക്ഷണം കഴിക്കുന്നു എന്നാണു ലയൺസ് ക്ലബ്ബിന്റെ കണക്ക്. മന്നയുടെ പന്തലിൽ ഇന്നു രാവിലെ 10.30ന് ഒന്നാംവാർഷികാഘോഷം നടക്കും.
തെരുവിൽ ജീവിക്കുന്നവരടക്കം നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ശയത്തിന്റെ ഭാഗമായാണു മന്ന ഹംഗർ ഫ്രീ സിറ്റി പദ്ധതി ലയൺസ് ക്ലബ്ബും കോർപറേഷനും ചേർന്നു നടപ്പാക്കിയത്. ഭക്ഷണം തെരുവുതോറും കൊണ്ടുനടന്നു വിതരണം ചെയ്യുമ്പോൾ മാലിന്യ പ്രശ്നമുണ്ടാകുകയും ഭക്ഷണം പാഴാകുകയും ചെയ്യുന്ന പ്രശ്നവും പന്തലിലെ വിളമ്പലിലൂടെ ഒഴിവാകുന്നു. ഒന്നാം വാർഷികത്തിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യാതിഥിയാകും.