ADVERTISEMENT

തൃശൂർ ∙ കെട്ടിട നിർമാണ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുകയും പൊളിഞ്ഞു കടക്കെണിയിലാകുകയും ചെയ്ത ചരിത്രമുണ്ട് ഹൈറിച്ച് എംഡി കെ.ഡി. പ്രതാപന്. ഏതാനും വർഷം മുൻപു 150 ചതുരശ്രയടി മാത്രമുള്ള കടമുറിയിൽ ഹൈറിച്ച് എന്ന മണിചെയിൻ കമ്പനി തുടങ്ങുമ്പോൾ പരാജയം മാത്രമായിരുന്നു ഇവരുടെ മൂലധനം. എന്നാൽ, അതിവേഗം കമ്പനി വളർന്നു പന്തലിച്ചു. ക്രിപ്റ്റോ കറൻസി ഇടപാടുകളിലേക്കു വരെ ബിസിനസ് പടർന്നു. സമൂഹമാധ്യമങ്ങളിലൂടെ വൻ പ്രചാരണവും നടത്തി.

ഇന്ത്യയിലാകെ ഒന്നരക്കോടിയിലേറെ നിക്ഷേപകരെ ‘വീഴ്ത്തുകയും’ ചെയ്തു. പ്രതാപൻ അറസ്റ്റിലായ വിവരം കേരളത്തിനു പുറത്ത് അധികമാരും അറിഞ്ഞിട്ടില്ലെന്നതിനാൽ ഹൈറിച്ചിന്റെ ‘ബിസിനസ് പ്ലാൻ’ വിഡിയോകൾ മറുനാടുകളിൽ ഇപ്പോഴും ആവേശത്തോടെ പ്രചരിക്കുന്നുണ്ട്. ‘ഗ്രോസറി ഇൻവെസ്റ്റർ’ ആകാം, ധാരാളം പണം സമ്പാദിക്കാം എന്ന പ്രചാരണ സന്ദേശത്തോടെയായിരുന്നു ഹൈറിച്ചിന്റെ തുടക്കം. 

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ വിഡിയോകൾ പറന്നു. സ്യൂട്ട് അണിഞ്ഞ് അംഗരക്ഷകരുടെ അകമ്പടിയോടെ പ്രതാപനും സ്രീനയും യോഗങ്ങളിൽ പങ്കെടുത്തു. ‌ഒടിടി പ്ലാറ്റ്ഫോമിലൂടെ വൻകിട ഹിന്ദി സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങുന്നു എന്ന പ്രചാരണമുണ്ടായതോടെ കമ്പനിയിലേക്കു നിക്ഷേപകരുടെ ഒഴുക്കായി. സൂപ്പർതാര ചിത്രങ്ങളുടെ പോസ്റ്ററുകൾ ഇതിനായി ഉപയോഗിച്ചു വിശ്വാസ്യത വരുത്തി.

വാടകക്കരാർ റദ്ദാക്കി ഭൂവുടമ
 3,141 കോടിയുടെ മണിചെയിൻ തട്ടിപ്പു നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ ആസ്ഥാനമായി പ്രവർത്തിച്ച ചേർപ്പ് ഞെരുവിശേരിയിലെ വാണിജ്യ സമുച്ചയത്തിന്റെ വാടകക്കരാർ റദ്ദാക്കി ഭൂവുടമ. കമ്പനി നടത്തിയ തട്ടിപ്പുകൾ തെളിവുസഹിതം പുറത്തുവന്നതിനു പിന്നാലെയാണു കൈവശാവകാശം റദ്ദാക്കി 7,800 ചതുരശ്രയടി കെട്ടിടവും ഭൂമിയും ഉടമ തിരിച്ചുപിടിച്ചത്.

എന്നാൽ, ഹൈറിച്ച് കംപ്യൂട്ടർ ശൃംഖല കെട്ടിടത്തിനുള്ളിലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ചേർപ്പ് പൊലീസ് കെട്ടിടം സീൽ ചെയ്ത അവസ്ഥയിലാണ്. പൊലീസ് നടപടിയിൽ നിന്നു കെട്ടിടം ഒഴിവാക്കി നൽകണമെന്ന ആവശ്യവുമായി ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്. മാസം ഒന്നേകാൽ ലക്ഷം രൂപ വാടകയ്ക്കാണു ഞെരുവിശേരിയിലെ കെട്ടിടം ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും വാടകയ്ക്കെടുത്തത്. 2019ലായിരുന്നു കമ്പനി പ്രവർത്തനം തുടങ്ങിയത്. 

 തട്ടിപ്പ് പുറത്തായത് നാടകീയമായി
ഹൈറിച്ച് നിക്ഷേപത്തട്ടിപ്പു പുറത്തുവരാനിടയാക്കിയതു കോഴിക്കോട് വടകര സ്വദേശിയായ നിക്ഷേപകൻ ഓഫിസിനു മുന്നിൽ നടത്തിയ ബഹളം. ഏതാണ്ട് ഒരുവർഷം മുൻപു വടകര സ്വദേശി പി.എ. വൽസൻ ഞെരുവിശേരിയിൽ ഹൈറിച്ചിന്റെ ആസ്ഥാനത്തെത്തി നിക്ഷേപത്തുക മടക്കിച്ചോദിച്ചു. എന്നാൽ, പണം തിരികെ നൽകുന്നതിനു പകരം ജീവനക്കാർ തട്ടിക്കയറിയതോടെ തർക്കമായി ഓഫിസിനു മുന്നിൽ ബഹളമുണ്ടാക്കിയ ശേഷം നിക്ഷേപകൻ നേരെ പോയതു ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്കാണ്. കയ്യോടെ പരാതി എഴുതി നൽകി. പലരിൽ നിന്നായി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മണിചെയിൻ തട്ടിപ്പാണെന്നും ആദ്യഘട്ടത്തിൽ തന്നെ പൊലീസിനു മനസ്സിലായിരുന്നെങ്കിലും ആയിരക്കണക്കിനു കോടികളുടെ തട്ടിപ്പാണെന്നു വ്യക്തമായതു പിന്നീടാണ്. ചേർപ്പ് പൊലീസ് സമർപ്പിച്ച ആദ്യ അന്വേഷണ റിപ്പോർട്ടിൽ തന്നെ 1630 കോടിയുടെ തട്ടിപ്പ് നടന്നുവെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പണമെവിടെ? 
3141 കോടി രൂപ നിക്ഷേപകരിൽ നിന്നു തട്ടിയെന്നതിനു കണക്കുണ്ടെങ്കിലും ഈ തുക എവിടെയെന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം ഇപ്പോഴും അജ്ഞാതം. 100 കോടി രൂപയിലേറെ ഹവാലയായി വിദേശത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതേ മാതൃകയിൽ വിദേശത്തേക്കു ബാക്കി തുകയും മാറ്റിയിരിക്കാമെന്നാണു സൂചന. ഹൈറിച്ചിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെ അക്കൗണ്ടിലേക്കു പ്രതാപനും ശ്രീനയും 11 കോടി രൂപ മാറ്റിയെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

പ്രത്യക്ഷ സ്വത്തുക്കളായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളടക്കം മുഴുവൻ ആസ്തികളും കലക്ടർ കണ്ടുകെട്ടിയെങ്കിലും ഇതിന്റെ മൂല്യം ഏകദേശം 260 കോടിയാണ്. ബാക്കി തുക കണ്ടെത്താതെ തട്ടിപ്പിന്റെ പൂർണരൂപം പുറത്തുകൊണ്ടുവരാനാകില്ല. 4 ബാങ്കുകളിൽ കമ്പനിയുടെ പേരിലെ 20 അക്കൗണ്ടുകളിലൂടെയാണു ജനത്തിൽ നിന്നു കോടികൾ പിരിച്ചെടുത്തത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു.

കലക്ടറുടെ നീക്കം
നിക്ഷേപത്തട്ടിപ്പു നടത്തിയ ഹൈറിച്ച് പ്രതികൾ 200 കോടിയോളം രൂപ ബാങ്കിൽ നിന്നു പിൻവലിക്കാൻ നടത്തിയ നീക്കം തൃശൂർ കലക്ടറും സംഘവും പൊളിച്ചതു കേസിൽ നിർണായകമായി. കലക്ടർ വി.ആർ. കൃഷ്ണതേജയും എഡിഎം ടി. മുരളിയും 4 ജീവനക്കാരും രാത്രിയിൽ ഓഫിസിലെത്തി മണിക്കൂറുകൾ ജോലി ചെയ്തു പ്രത്യേകം ഉത്തരവിറക്കിയാണു പ്രതാപന്റെയും ശ്രീനയുടെയും നീക്കത്തിനു തടയിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com