അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു

Mail This Article
അതിരപ്പിള്ളി ∙ സഞ്ചാരികൾ പുഴയിൽ ഇറങ്ങി അപകടത്തിൽപെടുന്ന ഭാഗങ്ങളിൽ പൊലീസ് അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചു. മൺസൂൺ ആരംഭിച്ചതോടെ വെള്ളച്ചാട്ടത്തിനു സമീപം സന്ദർശകർ കുളിക്കാൻ ഇറങ്ങുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ കുളിക്കടവുകളിലും പുഴയിലെ അപകട മേഖലയിലും സഞ്ചാരികൾ നിറഞ്ഞു. ചാലക്കുടി അതിരപ്പിള്ളി റോഡിൽ പുഴ അടുത്തു കാണുന്ന സ്ഥലങ്ങളിലാണ് വിനോദ സഞ്ചാരികൾ കൂടുതലായി ഇറങ്ങുന്നത്. പ്രളയത്തിനു ശേഷം പുഴ ഗതി മാറിയൊഴുകി പരിചിതരായ ആളുകൾ പോലും അപകടത്തിൽ പെടാനുള്ള സാധ്യത വർധിച്ചു.
വെറ്റിലപ്പാറ സ്കൂൾ പരിസരം, കണ്ണൻകുഴി, ചിക്ലായി മേഖലയിലാണു സഞ്ചാരികൾ പുഴയിൽ ഇറങ്ങി അപകടങ്ങളിൽപെടുന്നത്. അവധി ദിവസങ്ങളിൽ ചാലക്കുടി പുഴയുടെ വിവിധ ഭാഗങ്ങളിൽ കുളിക്കാനായി മാത്രം എത്തുന്നവരും നിരവധിയാണ്. വിനോദ സഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുന്നതിനായി സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നു വർഷങ്ങളായുള്ള ആവശ്യമാണ്. പൊലീസ് പുഴയിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണമുണ്ട്.