ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത ചേരമാൻ ജുമാ മസ്ജിദ് കെട്ടിടത്തിന്റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റെയും അടക്കം വിവിധ സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഭിന്നിപ്പിന്റെ ആശയം വ്യാപകമായി പ്രചരിക്കുന്ന ഇക്കാലത്തു മുസിരിസ് പൈതൃക സംരക്ഷണ പദ്ധതികൾക്കു വലിയ പ്രസക്തിയാണുള്ളതെന്നു മന്ത്രി പറഞ്ഞു. വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്‌ലാമിക് ഡിജിറ്റൽ ആർക്കൈവ്സ്, മുസിരിസ് വെബ്സൈറ്റ്, വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു .

1.13 കോടി രൂപ ചെലവഴിച്ചാണ് ചേരമാൻ പള്ളി നവീകരിച്ചത്. ഇതോടൊപ്പം 93.64 കോടി രൂപ ചെലവഴിച്ചു ചുറ്റുമതിലും നിർമിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര, മാളിക സമുച്ചയം എന്നിവ സംരക്ഷിക്കുന്ന പദ്ധതിക്കായി 3.23 കോടി രൂപയും ചെലവിട്ടു. ഇതോടൊപ്പം ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന്റെ ആദ്യ ഘട്ടവും പൂർത്തിയാക്കി.  കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമായ കീഴ്ത്തളി ക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമാണവും പൂർത്തിയായി.

തിരുവഞ്ചിക്കുളത്തെ കനാൽ ഓഫിസ്, തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്‌വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ പ്രദക്ഷിണ വഴി‍, ആൽത്തറകൾ തുടങ്ങിയ അടക്കം 16 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും 3.29 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കി.  സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം മാത്രമാണു പൂർത്തിയായത്. സഞ്ചാരികൾക്കു മുസിരിസ് പൈതൃക പ്രദേശങ്ങൾ തുറന്നുനൽകാൻ ഇനിയും സമയമെടുക്കും. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ഡോ.കെ.മനോജ്കുമാർ, നഗരസഭാധ്യക്ഷ ടി.കെ.ഗീത, ഉപാധ്യക്ഷൻ വി.എസ്.ദിനൽ തുടങ്ങിയവർ പ്രസംഗിച്ചു.

മുസിരിസ് പാസ്പോർട്ട്
ചരിത്ര സ്മാരകങ്ങളിലൂടെ യാത്ര ചെയ്തു മുസിരിസ് അംബാസഡറാകാൻ സഞ്ചാരികളെ ക്ഷണിക്കുന്ന ‘മുസിരിസ് പാസ്പോർട്ട്’ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എംഎൽഎ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ കൊടുങ്ങല്ലൂർ, പറവൂർ മേഖലകളിലുള്ള മുപ്പതോളം സ്മാരക / മ്യൂസിയങ്ങൾ സന്ദർശിക്കുന്നതിനു തയാറാക്കിയതാണു മുസിരിസ് പാസ്പോർട്ട്. 500 രൂപ നൽകി പാസ്പോർട്ട് സ്വന്തമാക്കാം. 6 മാസ കാലയളവിനുള്ളിൽ മുസിരിസ് പ്രദേശങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളെയാണു അംബാസഡർമാരായി പ്രഖ്യാപിക്കുന്നത്. ഇവർക്ക് ഉപഹാരങ്ങളും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com