അതിവേഗം പെൻഷൻ മസ്റ്ററിങ്: 12 ദിവസം, പൂർത്തീകരിച്ചത് 30%
Mail This Article
തൃശൂർ ∙ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ–ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ മസ്റ്ററിങ്12 ദിവസത്തിനുള്ളിൽ 30 ശതമാനം പൂർത്തിയാക്കി. ആദ്യ ദിവസങ്ങളിൽ സെർവർ തകരാറുകളും ബാൻഡ് വിഡ്ത്ത് കൂട്ടാൻ 2 ദിവസം നാഷനൽ ഇൻഫർമേറ്റിക് സെന്റർ (എൻഐസി) പ്രവൃത്തികൾ നിർത്തിവച്ചതും നടപടിയെ ബാധിക്കാത്ത വിധം അക്ഷയ കേന്ദ്രങ്ങൾ സജീവമായി. 2853 കേന്ദ്രങ്ങളാണ് പെൻഷൻ മസ്റ്ററിങ് നടത്തുന്നത്. ഇന്നലെ പുലർച്ചെ 12.15 വരെയുള്ള കണക്കു പ്രകാരം ആകെ 49.72 ലക്ഷം സാമൂഹിക പെൻഷൻ ഉപഭോക്താക്കളിൽ 14.78 ലക്ഷം പേരുടെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കി.
ശേഷിക്കുന്നത് 34.94 ലക്ഷം. ആകെ 12.95 ലക്ഷം ക്ഷേമനിധി ബോർഡ് പെൻഷൻകാരിൽ 3.44 ലക്ഷം മസ്റ്ററിങും (26.60%) പൂർത്തിയാക്കി. ഇന്നലത്തെ മസ്റ്ററിങ് കണക്കുകൾ സൈറ്റിൽ പുതുക്കിയിട്ടില്ല. ഇതൂ കൂടി ചേർത്താൽ ഇന്നലെ വരെ 35 ശതമാനം മസ്റ്ററിങ് നടപടികൾ പൂർത്തിയായിട്ടുണ്ടാകുമെന്ന് അക്ഷയ ഭാരവാഹികൾ പറഞ്ഞു. ജൂൺ 25മുതൽ ഓഗസ്റ്റ് 24 വരെയാണ് മസ്റ്ററിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്. സാങ്കേതിക തകരാറുകൾ പൂർണമായും പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ നടപടികൾ ഇനിയും സജീവമായി മുന്നേറുമായിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ / ഇ–മസ്റ്ററിങ് ചെയ്യപ്പെട്ടവർ (ബ്രാക്കറ്റിൽ ശതമാനം)
∙ ഗ്രാമപഞ്ചായത്ത്–4033247 / 1204854 (29.87)
∙ മുനിസിപ്പാലിറ്റി–596584 / 171667 (28.77)
∙ കോർപറേഷൻ–342404 / 101189 (29.55)
∙ വെൽഫെയർ ബോർഡ്–1295072 / 344559 (29.61)
∙ആകെ–6267307 / 1822269 (29.08)