ADVERTISEMENT

വെങ്കിടങ്ങ് ∙  മതിലിന്റെ കല്ലുകൾ അടർന്നു വീണ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പഞ്ചായത്ത് ഓഫിസിസിനു സമീപം കരുവന്തലയിൽ മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെയും ലക്ഷ്മിയുടെയും മകൾ ദേവി ഭദ്രയാണ് (6) മരിച്ചത്. മേച്ചേരിപ്പടി എസ്എൻഎ എൽപി സ്കൂളിലെ വിദ്യാർഥിനിയാണ്. 

പിതാവ് മഹേഷ് കാർത്തികേയൻ യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റാണ്. കരുവന്തലയിലെ മാമ്പ്ര തൊട്ടിപ്പറമ്പിൽ രുദ്ര ഭഗവതി ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. പ്രതിഷ്ഠാദിനാചരണം നടക്കുന്ന കുടുംബക്ഷേത്രത്തിൽ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം.

ക്ഷേത്രത്തിനോടു ചേർന്നുള്ള സ്വകാര്യസ്ഥലത്തെ മതിലിന്റെ കല്ലുകളാണ് ഇളകി വീണത്. ചടങ്ങുകൾ കഴിഞ്ഞ് ദേവിഭദ്രയും സഹോദരൻ കാശിനാഥനും മഹേഷിന്റെ ജേഷ്ഠന്റെ മകൻ മഹാദേവനും കൂടി പുറത്ത് റോഡിലിറങ്ങി കാനയുടെ അരികിൽ കളിക്കുന്നതിനിടെയാണ് അപകടം.

കാനയിൽ എന്തോ തിരയാനായി നോക്കിയ ദേവിഭദ്രയുടെ തലയിലേക്ക് സിമന്റിഷ്ടികകൊണ്ടു നിർമിച്ച മതിലിന്റെ ഏതാനും കട്ടകൾ അടർന്നു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾക്ക് കാര്യമായ പരുക്കുകളില്ല. അബോധാവസ്ഥയിലായ ദേവിഭദ്രയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടർനടപടികൾക്കായി  തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്നു 2നു വടൂക്കര ശ്മശാനത്തിൽ.

അപകടത്തിൽ നഷ്ടപ്പെട്ടത് നാടിന്റെ ദേവൂട്ടിയെ
വെങ്കിടങ്ങ് ∙ കരുവന്തലയിൽ മതിൽ തകർന്നുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടത് നാടിന്റെ പൊന്നോമനയായ ദേവൂട്ടിയെ. എല്ലാ കാര്യങ്ങളിലും ചുറുചുറുക്കോടെ  ഓടിയെത്തിയിരുന്ന മിടുക്കിയായിരുന്നു വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ദേവൂട്ടിയെന്ന് വിളിക്കുന്ന മാമ്പ്ര തൊട്ടിപ്പിറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്ര.

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ഒന്നാം ക്ലാസിൽ പഠിക്കുന്ന ദേവൂട്ടിയെന്ന് എസ്എൻഎ എൽപി സ്കൂളിന്റെ പ്രധാനാധ്യാപിക രാഗിണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിലും വായനവാരത്തോടനുബന്ധിച്ചു നടന്ന പരിപാടികളിലും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിലും താരമായിരുന്നു ദേവി ഭദ്ര. സഹോദരൻ കാശിനാഥൻ ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും പിതാവ് മഹേഷ് കാർത്തികേയൻ സ്കൂളിലെ പിടിഎ പ്രസിഡന്റുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com