യുവാവിന് പരുക്കേറ്റതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കെന്ന് കൗൺസിലർ
Mail This Article
ഇരിങ്ങാലക്കുട∙ ബൈപാസ് റോഡിൽ കുഴിയിൽ വീണ് കൊരുമശ്ശേരി സ്വദേശിയായ സ്കൂട്ടർ യാത്രികനായ യുവാവിനു ഗുരുതര പരുക്കേറ്റതിന്റെ പൂർണ ഉത്തരവാദിത്തം നഗരസഭ ഭരണ സമിതിക്ക് ആണെന്ന ആരോപണവുമായി 12–ാം വാർഡ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ രംഗത്ത്. ഗതാഗതത്തിനായി തുറന്നു കൊടുത്ത് പത്തുവർഷം പിന്നിട്ട റോഡിന്റെ ഇരുവശങ്ങളിലും കാന നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും പലതവണ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും ഇതു ചെയ്യാൻ നഗരസഭ തയാറായിട്ടില്ല.മേഖലയിൽ കാടുവെട്ടി തെളിക്കാനും ഭരണസമിതി ഇടപെടൽ നടത്തുന്നില്ല. സ്വന്തം കയ്യിൽ നിന്നും കാശ് ചെലവഴിച്ച് വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നും മാർട്ടിൻ ആരോപിച്ചു. ഠാണാ ബസ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ എളുപ്പ മാർഗമായ റോഡിനെ രാഷ്ട്രീയം കളിച്ച് നശിപ്പിക്കുകയാണെന്നും മാർട്ടിൻ ആരോപിച്ചു.