കൊരട്ടിയിൽ വീടിന്റെ ജനൽക്കമ്പി തകർത്ത് വൻകവർച്ച; നഷ്ടമായത് 35 പവൻ ആഭരണങ്ങളും 8,000 രൂപയും

Mail This Article
കൊരട്ടി ∙ ചിറങ്ങരയിൽ വീടിന്റെ ജനൽക്കമ്പി തകർത്ത് അകത്തു കയറി സ്വർണവും പണവും കവർന്നു. 35 പവന്റെ ആഭരണങ്ങളും 8,000 രൂപയും നഷ്ടപ്പെട്ടു. റെയിൽവേ റിട്ട. ജീവനക്കാരൻ ചെമ്പകശേരി പ്രകാശന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണു ഞായറാഴ്ച രാത്രി നഷ്ടമായത് . ഇന്നലെ പുലർച്ചെ രണ്ടോടെ ഉറക്കമുണർന്ന പ്രകാശൻ മുറിയിൽ വെളിച്ചം കണ്ട് ഭാര്യ സുനിതയോടൊപ്പം ചെന്നു നോക്കിയപ്പോൾ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നത് കണ്ടു.
തുടർന്ന് നടത്തി പരിശോധനയിലാണ് മോഷണം നടന്ന കാര്യം അറിയുന്നത്. ഇതോടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. സമീപത്തു റെയിൽവേ ട്രാക്ക് ഉണ്ട്. ട്രെയിൻ കടന്നു പോകുന്നതിനിടെയാകാം ജനൽക്കമ്പികൾ തകർത്തതെന്നു കരുതുന്നു.സംഭവ സ്ഥലത്തു നിന്നും പിക്കാസ് ,കോടാലി അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഇതു സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിലേതാണെന്നു തിരിച്ചറിഞ്ഞു.
സുനിതയുടെയും പ്രകാശന്റെയും ആഭരണങ്ങൾക്കു പുറമേ മകളുടെ ആഭരണവും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.ഇതും നഷ്ടമായിട്ടുണ്ട്. പുലർച്ചെ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പൊലീസ് നായ ഹണി തൊട്ടടുത്ത പറമ്പുകളിലേക്കും തൊട്ടടുത്തു നിർമാണത്തിലിരിക്കുന്ന വീട്ടിലേക്കും പോയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചാലക്കുടി ഡിവൈഎസ്പി ആർ.അശോകന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എസ്എച്ച്ഒ എൻ.എ.അനൂപിനാണു അന്വേഷണ ചുമതല.