കെഎസ്ആർടിസി കൊടുങ്ങല്ലൂർ സെന്റർ: പഴയ വണ്ടികളുടെ വിശ്രമകേന്ദ്രമോ?

Mail This Article
കൊടുങ്ങല്ലൂർ ∙ കെഎസ്ആർടിസി കൊടുങ്ങല്ലൂർ ഓപ്പറേറ്റിങ് സെന്ററിൽ ഏറെയും ഓടിത്തളർന്ന ബസുകൾ. 33 ബസുകളിൽ പകുതിയിലേറെ ബസുകളും 10 – 12 വർഷം പിന്നിട്ട ബസുകളാണ്. ദിവസവും റോഡിൽ ബ്രേക്ക് ഡൗൺ ആകുമെന്ന ആശങ്കയോടെയാണ് സർവീസ് തുടരുന്നത്.കൊടുങ്ങല്ലൂർ - എറണാകുളം, കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് കാലപ്പഴക്കം ചെന്നത്. നേരത്തെ ഉണ്ടായിരുന്ന ബസുകൾ പാലക്കാട് ഡിപ്പോയിലേക്കും തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലേക്കും കൊണ്ടുപോയിരുന്നു. ഇതിനു ശേഷം കൊടുങ്ങല്ലൂർ ഓപ്പറേറ്റിങ് സെന്ററിലേക്ക് അനുവദിച്ച ബസുകൾ എല്ലാം പഴയതാണ്. സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്നു മാറ്റിയ ബസുകൾ തിരികെ എത്തിയില്ല. പകരം എത്തിയ ബസുകൾ എല്ലാം പഴയത് തന്നെ.
മികച്ച രീതിയിൽ ഓർഡിനറി സർവീസ് നടത്തിയ 4 ബസുകൾ മുൻപ് കൊല്ലം ചാത്തന്നൂരിലേക്കു കൈമാറി. ജില്ലാ തലത്തിൽ കോമൺ പൂൾ നടപ്പിലാക്കുന്നതിന്റെ പേരിൽ 3 ബസുകൾ ചാലക്കുടി ഡിപ്പോയിലേക്കും മാറ്റി. ഇതിനു പകരം ലഭിച്ച ബസുകളിലേറെയും കാലപ്പഴക്കം ചെന്ന ബസുകളാണ്.വഴിയിൽ മുടങ്ങിയ ബസുകൾ അറ്റകുറ്റപ്പണി നടത്താൻ ഇവിടെ ആവശ്യത്തിനും ജീവനക്കാരും ഇല്ല. വർക്‌ഷോപ്പും ഏറെ ശോചനീയമാണ്. ആവശ്യത്തിനു ജീവനക്കാരില്ല. വർക്‌ഷോപ്പിൽ വേണ്ട പാർട്സും ഇല്ല. ഇവിടെ ശരിയാക്കാൻ കഴിയാത്ത വാഹനങ്ങൾ എടപ്പാൾ റീജനൽ വർക്‌ഷോപ്പിലേക്ക് കൊണ്ടു പോകും.
ഇതോടെ ബസ് തിരിച്ചെത്താൻ ഏറെ വൈകും. അറ്റകുറ്റപ്പണി പൂർത്തിയാക്കി വരുന്ന ബസുകൾ ആഴ്ചകൾ പിന്നിടും മുൻപേ വീണ്ടും വഴിയിൽ പെടുന്നതാണ് വലിയ തലവേദന. ഇതിന്റെ ചെറിയ ജോലികൾ പോലും ചെയ്യാൻ സെന്ററിൽ ആളില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഓരോ വർഷത്തിലും മാസത്തിലും ഉള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ഏറെ കഷ്ടത അനുഭവിക്കുകയാണ് ജീവനക്കാർ.എറണാകുളം - തൃശൂർ ജില്ലകളിലെ കെഎസ്ആർടിസി സ്റ്റേഷനുകളിൽ കലക്‌ഷനിലും പ്രവർത്തനത്തിലും മികച്ച കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററുകളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂർ സെന്റർ. ജനകീയ സമ്മർദത്തെ തുടർന്നു യാഥാർഥ്യമായ ബസ് സ്റ്റേഷൻ ബസും ജീവനക്കാരുമില്ലാത്ത സെന്റർ മാത്രമായി മാറുമെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.