പഞ്ചായത്ത് പദ്ധതിയിൽ കോൺക്രീറ്റ്കട്ട വിരിച്ചത് സ്വകാര്യ പറമ്പിൽ

Mail This Article
മാള∙ കിഴക്കനങ്ങാടി- മാമ്പിള്ളി റോഡിൽ കോൺക്രീറ്റ് കട്ടവിരിക്കാനുള്ള പദ്ധതി നടപ്പാക്കിയത് സ്വകാര്യപറമ്പിൽ. ഭൂമിയുടെ അവകാശികളിലൊരാളും നിലവിൽ കൊച്ചിയിൽ താമസമാക്കിയ റോസ്മി മാമ്പിള്ളിയുടെ ഭൂമിയിലൂടെയാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ടൈൽ വിരിച്ച് റോഡൊരുക്കിയത്. പദ്ധതിയുടെ ഭാഗമായ ശിലാഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പതിനേഴാം വാർഡിലാണ് സംഭവം നടന്നത്. മാസങ്ങൾക്കു ശേഷം നാട്ടിലെത്തിയ ഉടമ സ്വന്തം ഭൂമിയിലൂടെ റോഡ് കണ്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പഞ്ചായത്തിനു പറ്റിയ അമളി പുറത്തായത്. റോഡ് മാറിയാണ് കട്ടവിരിച്ചതെന്ന് ഉടമ അവകാശപ്പെടുന്നു. നടപ്പവകാശ വഴിയിൽ സർക്കാർ തുക ഉപയോഗിച്ച് കട്ടവിരിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റോസ്മി പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ട്. സ്ഥലം ഉടമയായ റോസ്മി സ്വകാര്യസ്വത്തിൽ നിന്ന് 9 സെന്റ് പള്ളിക്കും ബാക്കി 3 വ്യക്തികൾക്കും നൽകിയിരുന്നു. ഇവിടെ താമസിക്കുന്നവർക്കു നടപ്പവകാശം നൽകിയ റോഡാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം കിഴക്കനങ്ങാടി- മാമ്പിള്ളി റോഡ് കട്ട വിരിക്കാൻ അനുവദിച്ച 4.93 ലക്ഷം രൂപയാണ് സ്വകാര്യ ഭൂമിയിൽ കട്ടവിരിച്ചു പാഴാക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.