ബസ് ജീവനക്കാർക്ക് മർദനം: ഇന്നു പണിമുടക്ക്

Mail This Article
കുന്നംകുളം ∙ പഴുന്നാനയിൽ ബസ് തടഞ്ഞ് നിർത്തിയ രണ്ടംഗ സംഘം യാത്രക്കാരുടെ മുൻപിൽ വച്ച് ഡ്രൈവറെ മർദിച്ചു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ ‘ഫിദ മോൾ’ ബസ് ഡ്രൈവർ മങ്ങാട് മുട്ടിക്കൽ ആരണാട്ടിൽ ലിബിനെ (31) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാൻ ശ്രമിച്ച ബസ് കണ്ടക്ടർ പുതുരുത്തി പള്ളിക്കര രാജന് (56) അടിയേറ്റു. അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കുന്നംകുളം– വടക്കാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കും.ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കുന്നംകുളം – ചെമ്മന്തിട്ട പാതയിൽ സർവീസ് നടത്തുന്ന ബസാണിത്. നേരത്തെ എതിർദിശയിൽ വന്ന ബൈക്കിന് ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതിനു ശേഷം ബസ് തിരിച്ചു വരുമ്പോൾ ബൈക്കിൽ എത്തിയ യുവാക്കൾ ബസ് തടഞ്ഞു നിർത്തി. ബസിനുള്ളിൽ കയറിയ അക്രമികൾ സീറ്റിലായിരുന്ന ഡ്രൈവറെ അവിടെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ഭയന്ന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ നിലവിളിച്ചെങ്കിലും പിന്തിരിയാൻ ഇവർ തയാറായില്ല. പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.