ADVERTISEMENT

അതിരപ്പിള്ളി ∙ ആദിവാസി യുവതി മാസം തികയാതെ കാട്ടിൽ വച്ചു പ്രസവിച്ച കുഞ്ഞു മരിച്ചു. മുക്കമ്പുഴ ആദിവാസി മേഖലയിലെ താമസക്കാരായ സുബീഷ്–മിനിക്കുട്ടി ദമ്പതികളുടെ കുഞ്ഞാണ്  മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ വാഴച്ചാൽ റേഞ്ചിലെ പരടി വനത്തിൽ വച്ചായിരുന്നു സംഭവം. താമസസ്ഥലത്തു നിന്നു കിലോമീറ്ററുകൾ അകലെ ഉൾക്കാട്ടിലായിരുന്നു ദമ്പതികൾ. ഏഴു മാസം ഗർഭിണിയായിരുന്ന യുവതി ഭർത്താവിനൊപ്പം രണ്ടു ദിവസം മുൻപു വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. അവിടെ വച്ചു പ്രസവിച്ചതിനെത്തുടർന്നു മൊബൈലിൽ അധികൃതരെ വിളിച്ചറിയിച്ചു. വനംവകുപ്പും ആരോഗ്യപ്രവർത്തകരും രാവിലെ മുതൽ മണിക്കൂറുകൾ നടത്തിയ തിരച്ചിലിനൊടുവിൽ നാലു മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞു മരിച്ചിരുന്നു.

യുവതിയെ റോഡ് മാർഗം കൊണ്ടുവരാൻ കഴിയാതിരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിലൂടെ ബോട്ടിലാണ് കാടിനു പുറത്തെത്തിച്ചത്. മുക്കമ്പുഴയിൽ എത്തിച്ച യുവതിയെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് ഗോപിനാഥ്, ജെഎച്ച്ഐ എം.എം.മനോജ്,  ആരോഗ്യ പ്രവർത്തകരായ ആർ.തങ്കഭായ്, ജോമി സി. ജയിംസ്, എം.മഹേഷ്, ഡപ്യൂട്ടി റേഞ്ചർ കെ.ഒ.ജോയ്, വനപാലകരായ പി.എസ്.ഷിജിൻ, ജോർജ് അഗസ്റ്റിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com