വേണ്ടരപ്പാടത്ത് വീണ്ടും ശുചിമുറി മാലിന്യം തള്ളി: ഇവിടെങ്ങനെ ജീവിക്കും?
Mail This Article
പഴുവിൽ∙ പഴുവിൽ ആശുപത്രി വളവ് മുതൽ മുക്കിലക്കാട് വളവ് വരെ റോഡിനോട് ചേർന്നു കിടക്കുന്ന വെണ്ടരപ്പാടത്തേക്ക് ഇന്നലെ പുലർച്ചെ വീണ്ടും ശുചിമുറി മാലിന്യം തള്ളി. ടാങ്കർ ലോറിയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു അടിയോളം വ്യാസമുള്ള പൈപ്പിലൂടെയാണ് മാലിന്യം തള്ളി പെട്ടെന്ന് ഈ വാഹനം കടന്നു പോയതെന്നു നാട്ടുകാർ പറഞ്ഞു. അതിനാൽ തടയാനായില്ല. ശബ്ദം കേട്ടു പരിസരവാസികൾ നോക്കിയപ്പോഴാണ് മാലിന്യം തള്ളുന്നത് കണ്ടത്. ഈ പ്രദേശത്തെ പലയിടങ്ങളിലായി ഇത്തരത്തിൽ രാത്രികളിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.
ഇതു കാരണം പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. കൊതുക്, ഈച്ച ശല്യവും വർധിച്ചു. വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തേക്ക് മാലിന്യം തള്ളുന്നത് മൂലം പകർച്ചാ വ്യാധികളുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടാത്തതിനാൽ പൊലീസിനെതിരെയും ജനരോഷം ശക്തമാണ്.രാത്രികളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന ശുചിമുറി മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഈ വഴിയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ഇവരെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.