ആഞ്ഞടിച്ച് കടൽ, ആറ്റുപുറത്ത് ആശങ്ക; കടൽഭിത്തി നിർമാണം നീളുന്നു
Mail This Article
ശ്രീനാരായണപുരം ∙ പി.വെമ്പല്ലൂർ ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിക്ക് മുൻപിലെ കടൽ ഭിത്തി നിർമാണം ഇൗ വർഷവും യാഥാർഥ്യമായില്ല. 150 മീറ്റർ കടൽ ഭിത്തി നിർമിക്കാൻ ഒന്നര വർഷം മുൻപ് 55 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ നിർമാണം അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ ആഴ്ച പള്ളിക്കു മുന്നിലേക്ക് കടൽ ആഞ്ഞടിച്ചു. ഇതോടെ പള്ളിക്കു മുൻപിലെ മതിൽ ഏതു നിമിഷവും തകർന്നു വീഴുമെന്ന സ്ഥിതിയാണുള്ളത്.
നേരത്തെ ഇൗ ഭാഗത്ത് കരിങ്കൽ ഭിത്തി നിർമിച്ചിരുന്നു. കരിങ്കല്ലിനു മീതെ നെറ്റ് ഉപയോഗിച്ചു ഭദ്രമാക്കിയിരുന്നെങ്കിലും കടൽ ശക്തമായി അടിച്ചതോടെ ഇതു തകർന്നു. 300 കിലോഗ്രാം മുതൽ ഒരു ടൺ വരെ തൂക്കമുള്ള ഭീമൻ കരിങ്കല്ലുകൾ ഉപയോഗിച്ച് സംരക്ഷണ ഭിത്തി ഒരുക്കാനാണ് ടെൻഡർ നൽകിയിട്ടുള്ളത്. കരിങ്കൽ ലഭിച്ചാലേ ഇവിടെ ഭിത്തി കെട്ടാനാവൂ എന്നാണു സ്ഥിതി.
ശക്തമായ തിരമാലകൾ ആഞ്ഞടിച്ചു ഇൗ പ്രദേശത്തെ ചൂള മരങ്ങൾ കടപുഴകിയ നിലയിലാണ്.ചൂള മരങ്ങൾക്ക് അടി ഭാഗത്തെ മണ്ണ് ഒലിച്ചു മരത്തിന്റെ വേരുകൾ പുറത്തുവന്നു. താൽക്കാലിക ഭിത്തിയെങ്കിലും ഒരുക്കിയില്ലെങ്കിൽ ഇനി ഒരു കടലേറ്റം ഉണ്ടായൽ പള്ളിക്കു ഭീഷണിയാണ്.