പെരുമ്പി സ്രാമ്പിക്കൽ റോഡ് കുഴികൾ പെരുകി; യാത്ര ദുരിതപൂർണം

Mail This Article
ചിറങ്ങര ∙ കുഴികൾ പെരുകിയതോടെ പെരുമ്പി സ്രാമ്പിക്കൽ റോഡിൽ ജനങ്ങൾക്കു ദുരിതയാത്ര.. പെരുമ്പിയിൽ നിന്നു തിരുമുടിക്കുന്നിലേയ്ക്കു പോകുന്ന റോഡാണിത്. കൊരട്ടി പഞ്ചായത്തിലെ 8,14 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നു. മഴക്കാലമെത്തിയതോടെ സ്ഥിതി കൂടുതൽ ദുരിതപൂർണമായി. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ പാതിയിലേറെ ഭാഗവും കുണ്ടും കുഴിയുമായി നിറഞ്ഞ നിലയിലാണ്. പെരുമ്പിയിൽ നിന്നു ദേശീയപാതയില്‍ എത്താതെ തിരുമുടിക്കുന്നിലേക്കു പോകാവുന്ന എളുപ്പമാർഗമാണിത്.
സ്നേഹനഗർ, സുഗതി ജംക്‌ഷൻ എന്നിവിടങ്ങളിലേക്കും എറണാകുളം ജില്ലയിലെ മൂക്കന്നൂർ, അങ്കമാലി പ്രദേശങ്ങളിലേക്കും ഇതുവഴി പോകാം. ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ബദൽ മാർഗമായി പ്രയോജനപ്പെടുന്ന റോഡാണിത്. വിദ്യാർഥികളും തിരുമുടിക്കുന്നിലെ ഗവ. ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലേയ്ക്കു പോകുന്ന വയോധികർ ഉൾപ്പെടെ രോഗികളും ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ദു:സ്ഥിതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ പഞ്ചായത്തിലും മറ്റും നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും സ്ഥിതിക്കു മാറ്റമുണ്ടായില്ല.