ADVERTISEMENT

തൃശൂർ ∙ ‘വള്ളിശേരിയിൽ നിന്നു സ്കൂൾ ബസിൽ പുറപ്പെട്ടതായിരുന്നു ഞാനും അനുജത്തി അൽജിയയും. ലവൽക്രോസ് കടക്കുമ്പോൾ ഒരു ഹോൺ കേട്ടാണു നോക്കിയത്. ബസിനു നേരെ ട്രെയിൻ വരുന്നതു കണ്ടു ഞങ്ങൾ വിറച്ചുപോയി. പേടിച്ചു നിലവിളിച്ചു . ബസ് മുന്നോട്ടു നീങ്ങാതെ വന്നപ്പോൾ പേടി കൂടി..’ തൈക്കാട്ടുശേരി റെയിൽവേ ഗേറ്റിലുണ്ടായ സംഭവം വല്ലച്ചിറ സെന്റ് തോമസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ആൻലിയ വിവരിക്കുന്നതിങ്ങനെ.

ട്രെയിൻ വരുന്നതു കണ്ടു മരവിച്ചു പോയെന്നും വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും ബസ് ഡ്രൈവർ വിജയകുമാറും പറഞ്ഞു. കുട്ടികളെയും കൂട്ടി സ്കൂളിലെത്തിയ ശേഷം വിജയകുമാർ പ്രിൻസിപ്പൽ സന്തോഷ് ജേക്കബിനെ കണ്ടു വിവരമറിയിച്ചു. പ്രിൻസിപ്പൽ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞതോടെയാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ആയിരുന്നു ഗേറ്റിന്റെ അടുത്തെത്തിയത്.

8.20നു തൃശൂരിൽ നിന്നു പുറപ്പെട്ടതായിരുന്നു വണ്ടി. ഒല്ലൂർ സ്റ്റേഷൻ കടന്നുപോയ വണ്ടി പുതുക്കാട് ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നതിനാൽ ട്രെയിനിനു മുന്നോട്ടു പോകാൻ സിഗ്നൽ ലഭിച്ചിരുന്നില്ല. സിഗ്നൽ ലഭിക്കാൻ വേണ്ടി മെല്ലെ മുന്നോട്ടുനീങ്ങിയ വണ്ടി റെയിൽവേ ഗേറ്റിനു സമീപത്തെ സിഗ്നൽ തൂണിനരികിൽ വരെ എത്തിയിരുന്നതായി സ്റ്റേഷനിൽ നിന്ന് അറിയാൻ കഴിഞ്ഞെന്നു പ്രിൻസിപ്പൽ പറഞ്ഞു. 20 കിലോമീറ്റർ വേഗത്തിലായിരുന്നു വണ്ടിയെന്നും സൂചനയുണ്ട്. 

ലവൽക്രോസ് കടക്കുന്നതിനിടെ  ട്രെയിൻ; നിലവിളിച്ചു വിദ്യാർഥികൾ 

തൃശൂർ ∙ തുറന്നുകിടന്ന ലവൽ ക്രോസിലൂടെ സ്കൂൾ ബസ് റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ ട്രെയിൻ കടന്നുവന്നതു പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ ഹോൺ മുഴക്കി ജനശതാബ്ദി എക്സ്പ്രസ് ട്രാക്കിലൂടെ വേഗം കുറച്ചുവരുന്നതു കണ്ടു  ബസിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ചു. ഭയന്നുപോയ ഡ്രൈവർ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏകദേശം 200 മീറ്ററകലെ ട്രെയിൻ നിർത്തുകയാണെന്നു കണ്ടു ഡ്രൈവർ റെയിൽപാളത്തിൽ നിന്നു ബസ് മുന്നോട്ടെടുത്തു റോഡിലേക്കു കയറ്റി നിർത്തിയ ശേഷമാണു ഭീതി ഒഴിഞ്ഞത്.

ഇന്നലെ രാവിലെ എട്ടരയോടെ ഒല്ലൂർ തൈക്കാട്ടുശേരി റെയിൽവേ ലവൽ ക്രോസിലാണു സംഭവം. വല്ലച്ചിറ സെന്റ് തോമസ് എച്ച്എസ്എസിലെ സ്കൂൾ ബസ് ലവൽ ക്രോസിന് അടുത്തെത്തിയപ്പോൾ മഞ്ഞ സിഗ്നൽ ലൈറ്റുമായി ഗേറ്റ് തുറന്നു കിടക്കുന്നതാണു കണ്ടത്. ഡ്രൈവർ സി. വിജയകുമാറിനു പുറമേ പ്ലസ്ടു വിദ്യാർഥി ആൻലിയയും സഹോദരി ആൽജിയയും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.

വിജയകുമാർ വണ്ടി മുന്നോട്ടെടുത്തു പാളത്തിലേക്കു കയറ്റിയപ്പോഴാണു തൃശൂർ ദിശയിൽ നിന്നു ട്രെയിൻ പാളത്തിലൂടെ അടുത്തു വരുന്നതു കണ്ടത്. സ്തംഭിച്ചു പോയ ഡ്രൈവർക്കു വാഹനം പാളത്തിൽ നിന്നു മാറ്റാനായില്ല. ട്രെയിൻ ഹോൺ മുഴക്കി വേഗം തീരെ കുറച്ചു. ഒരുവിധം ബസ് മുന്നോട്ടെടുത്തു പാളത്തിൽ നിന്നു മാറ്റുകയായിരുന്നു എന്നു ഡ്രൈവർ വിജയകുമാർ പറഞ്ഞു. 

ട്രെയിൻ അടുത്തെത്താറായിട്ടും ഗേറ്റ് അടയ്ക്കാതിരുന്നതാണ‍ു സംഭവത്തിനു കാരണമെന്നു സൂചനയുണ്ട്. എന്നാൽ, ലവൽ ക്രോസ് അടയ്ക്കാത്ത സാഹചര്യത്തിൽ ട്രെയിനുകൾ ഗേറ്റിനരികിലേക്കെത്തില്ലെന്നും 200 മീറ്ററിലേറെ അകലെ സിഗ്നൽ കാത്തു ട്രെയിൻ നിർത്തുന്ന സിഗ്‌നൽ സംവിധാനമുണ്ടെന്നും റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ അറിയിച്ചു.

ഇന്റർലോക്ഡ് ഗേറ്റ്, അപകടമില്ല
തൈക്കാട്ടുശേരിയിൽ ലവൽക്രോസ് തുറന്നുകിടക്കെ ട്രെയിൻ കടന്നുവരാനിടയായ സംഭവത്തിൽ അപകടസാധ്യത അശേഷമില്ലെന്നു റെയിൽവേ. ഇന്റർലോക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഗേറ്റ് അടയാതെ ട്രെയിൻ ലവൽക്രോസ് കടന്നുപോകില്ല. സിഗ്നൽ ലഭിക്കാൻ വൈകിയാൽ ലവൽക്രോസിന് കുറഞ്ഞത് 200  മീറ്ററെങ്കിലും അകലെയുള്ള സിഗ്നൽ ലൈറ്റിനു മുന്നിലെത്തി ട്രെയിൻ നിൽക്കും. തൈക്കാട്ടുശേരിയ‍ിലും അതു തന്നെയാണു സംഭവിച്ചത്. പക്ഷേ, ട്രാക്കിലൂടെ ട്രെയിൻ പതിയെ നീങ്ങുന്നതു കണ്ടു ബസിലുണ്ടായിരുന്നവർ പരിഭ്രാന്തരായതാകാമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

English Summary:

Thrissur School Bus Narrowly Escapes Collision with Jan Shatabdi Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT