മുഖംമറച്ചെത്തിയ മോഷ്ടാവ് പട്ടാപ്പകൽ വീട്ടിൽക്കയറി മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം

Mail This Article
ചാവക്കാട്∙ മണത്തലയിൽ പട്ടാപ്പകൽ മുഖംമറച്ചെത്തിയ മോഷ്ടാവ് വീട്ടിൽകയറി വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം. മുളകുപൊടി കണ്ണിലാകാതിരുന്നതിനാലും വീട്ടമ്മ പതറാതിരുന്നതിനാലും കവർച്ചാശ്രമം പരാജയപ്പെട്ടു. മോഷ്ടാവ് കടന്നുകളഞ്ഞു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്നിൽ ആലഞ്ചേരി സുജിത്തിന്റെ ഭാര്യ പ്രീജയുടെ (34) ദേഹത്തേക്കാണ് മുളക്പൊടിയെറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2.40നാണ് സംഭവം. വീടിന്റെ മുൻവശത്തെ വാതിൽ മുട്ടുന്നതുകേട്ട് തുറന്ന് നോക്കിയപ്പോൾ മുഖം മറച്ചൊരാൾ നിൽക്കുന്നതാണു പ്രീജ കണ്ടത്. ഇയാൾ കയ്യിൽ കരുതിയിരുന്ന പൊടി പ്രീജയുടെ മുഖത്തേക്കെറിഞ്ഞു. പൊടി ശരീരത്തിലാണ് വന്നു വീണത്.
കണ്ണിലേക്ക് മുളക് പൊടിയാകാതിരുന്നതിനാൽ വീടിന്റെ പിൻവശത്തേക്ക് ഓടി. വീടിന്റെ പിൻവശത്തെ തുറന്നുകിടന്ന വാതിൽ വഴി പ്രീജ നിലവിളിച്ചോടിയതോടെ അയൽവാസികൾ ഓടിക്കൂടി. അപ്പോഴെക്കും മോഷ്ടാവ് കടന്നുകളഞ്ഞു. സംഭവ സമയം പ്രീജ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് സുജിത്ത് എടക്കഴിയൂരിലെ മില്ലിലേക്ക് വെളിച്ചെണ്ണ വാങ്ങാൻ പോയതായിരുന്നു. മുളകുപൊടിയിൽ മറ്റെന്തോ കലർത്തി മഞ്ഞ നിറത്തിലുള്ള പൊടിയാണ് വിതറിയിരിക്കുന്നത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.