പന്നിപ്പടക്കം വിതറുന്നത് വ്യാപകമാകുന്നു; മനുഷ്യർക്കും അപകട ഭീഷണിയുയർത്തുന്നു
Mail This Article
തിരുവില്വാമല ∙ കാട്ടുപന്നികളെ വേട്ടയാടാൻ പടക്കം വിതറുന്നതു വ്യാപകമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ പോലും പടക്കം വയ്ക്കുന്നതു മനുഷ്യർക്കും ഭീഷണിയാകുന്നു. അടുത്തിടെ പടക്കം പൊട്ടി പന്നികളും നായ്ക്കളും ചത്ത ഇടങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. കണിയാർകോട് മലാറയിൽ സ്കൂൾ ബസ് കയറി പടക്കം പൊട്ടിയത് ആശങ്കയുണ്ടാക്കിയത് മാസങ്ങൾക്കു മുൻപാണ്. പഴയന്നൂർ പെരുവമ്പാറയിൽ അടുത്തിടെ പടക്കം കടിച്ചു പന്നി ചത്തതുനടുറോഡിലാണ്.
ഉദുവടി, ആറ്റൂർ എന്നിവിടങ്ങളിൽ ജനവാസ കേന്ദ്രത്തിനു സമീപം പന്നികൾ പടക്കം കടിച്ചു ചത്തതും അടുത്തിടെയാണ്. ചേലക്കര പുലാക്കോട് പന്നിപ്പടക്കം കടിച്ച നായ ചത്ത സംഭവവുമുണ്ടായി. തിരുവില്വാമല മലേശമംഗലത്ത് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനു സമീപം പടക്കം പൊട്ടുന്ന ശബ്ദം കേട്ടെങ്കിലും ഇരയെ കണ്ടെത്താനായില്ലെന്നതു ദുരൂഹമാണ്. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതു പന്നിയെ ലക്ഷ്യമാക്കി വിതറുന്ന പടക്കങ്ങൾ മനുഷ്യർക്കും വിപത്താകുമെന്നാണ്.
പന്നി അവശിഷ്ടങ്ങൾ റോഡിൽ
തിരുവില്വാമല ∙ കൊന്ന പന്നിയുടെ അവശിഷ്ടങ്ങൾ റോഡിൽ തള്ളി സാമൂഹിക വിരുദ്ധർ. ഇന്നലെ രാവിലെ പത്തരയോടെയാണു മലേശമംഗലം റോഡിൽ കള്ളുഷാപ്പിനും പുനർജനി ഗുഹയിലേക്കുള്ള റോഡിനും ഇടയിൽ ഗർഭാവസ്ഥയിലുള്ള പന്നിയുടെ അവശിഷ്ടങ്ങൾ റോഡിനു നടുവിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. മേഖലയിൽ സജീവമായ രാത്രികാല വേട്ട സംഘങ്ങളാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ പറയുന്നു.