ADVERTISEMENT

കൊച്ചി ∙ തലച്ചോർ തിന്നുന്ന അമീബ സംസ്ഥാനത്തു സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ ആശ്വാസത്തിന്റെ കിരണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതി. ചികിത്സയിലുള്ള തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്നു മുറിയിലേക്കു മാറ്റി. ജൂൺ ഒന്നിനാണു കുട്ടിക്കു പനി ബാധിച്ചത്. തുടർന്ന് തൃശൂരിലെ ആശുപത്രികളിൽ ചികിത്സ തേടി.

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുതുച്ചേരി ലാബിൽ നടത്തിയ പരിശോധനയിലാണു വെർമമീബ വെർമിഫോർമിസ് അണുബാധ സ്ഥിരീകരിച്ചത്.കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും അമൃത ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.ഒരാഴ്ചയിലെ ചികിത്സയിലൂടെ തന്നെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്ച മുൻപു വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ചു തുടങ്ങുകയും ചെയ്തുവെന്ന് അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ പറഞ്ഞു.

ഫിസിയോതെറപ്പി കൂടി പൂർത്തിയാക്കി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷ. പീഡിയാട്രിക് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. സജിത് കേശവൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് വിഭാഗം അസി. പ്രഫസർ ഡോ. എൻ.ബി. പ്രവീണ എന്നിവരും ചികിത്സയുടെ ഭാഗമായി. കുട്ടി വീടിനു സമീപത്തെ പാടത്തു സ്ഥിരമായി ഫുട്ബോൾ കളിക്കാൻ  പോകാറുണ്ടായിരുന്നു. അവിടെ നിന്നാകാം അമീബിക് അണുബാധയുണ്ടായതെന്നാണു സംശയം.

ഏതു തരം അമീബയാണു ബാധിക്കുന്നത് എന്നതു ചികിത്സാ വിധികൾ നിർണയിക്കുന്നതിൽ പ്രധാനമാണെന്നും മാർഗനിർദേശങ്ങളും തുടർ പഠനങ്ങളും ആവശ്യമാണെന്നും അമൃത ആശുപത്രി. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി  ഡോ. കെ.പി. വിനയൻ പറഞ്ഞു.

നൈഗ്ലറി ഫൗളറി
അമീബയുടെ വംശപരമ്പരയിലെ നൈഗ്ലറി ഫൗളറിയാണ് (nagleri fowleri) അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നത്. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരമാണ് അതിമാരകമാവുന്നത്. 

കുളത്തിൽ കുളിച്ചാൽ രോഗം വരുമോ?
ഇളം ചൂടുള്ള സമയത്താണ് അമീബ പുറത്തു വരുന്നത്. മഴക്കാലത്ത് കുളത്തിനു അടിഭാഗത്തെ ചെളിയിലാണ് അമീബ കിടക്കുന്നത്. വേനലിൽ വെള്ളം ഇളം ചൂടിലേക്കു വരുമ്പോൾ പുറത്തേക്ക് വരുന്നു. ഈ സമയത്ത് ആളുകളിലേക്ക് എത്തും. വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിൽ എത്തിയാൽ ചിലർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റു മസ്തിഷ്ക ജ്വരം പോലെ പനി, തലവേദന തുടങ്ങിയവയാണ് ലക്ഷണം. പിന്നീട് ഇതു ബോധക്ഷയത്തിലേക്കു മാറും. 

English Summary:

Thrissur Boy Recovers from Brain-Eating Amoeba Infection at Kochi's Amrita Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com